ഗാന്ധിനഗർ: ഗുജറാത്തിലെ വാലിനാഥ് ധാം ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഈ മാസം 16-ന് ആരംഭിച്ച ചടങ്ങുകൾ 22-നാണ് അവസാനിക്കുന്നത്. പ്രാണപ്രതിഷ്ഠയുടെ സമാപന ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചടങ്ങിൽ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രട്രസ്റ്റ് ഒരുക്കിയിരിക്കുന്നത്. പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ഗുജറാത്ത് മന്ത്രി റുഷികേശ് പട്ടേലും മറ്റ് ബിജെപി നേതാക്കളും വാലിനാഥ് ധാം സന്ദർശിച്ചു.
ക്ഷേത്രത്തിലെത്തുന്ന സന്ദർശകർക്ക് യാത്രാസൗകര്യം ഉറപ്പാക്കാൻ 50 ഓളം പ്രത്യേക ബസുകളും ജില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ദ്വിദിന സന്ദർശനത്തിനായി ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രി അഹമ്മദാബാദിൽ നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും വിവിധ പൊതുപരിപാടികളെ അഭിസംബോധന ചെയ്യുകയും ചെയ്യും.















