ഏറെ ആരാധകരുള്ള താര ദമ്പതികളാണ് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും നടി അനുഷ്‌ക ശർമ്മയും. താരകുടുംബത്തിന്റെ വിശേഷങ്ങളറിയാൻ ആരാധകർ എന്നും ആവേശത്തോടെ കാത്തിരിക്കാറുണ്ട്. ഇപ്പോൽ ഒരു സന്തോഷ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താര കുടുംബം. വിരാട് കോലിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 15-നാണ് കുട്ടിയുണ്ടായതെന്നും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണമെന്നും കോലി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. കുട്ടിയുടെ പേരും താരം വെളിപ്പെടുത്തിയിട്ടുണ്ട്.
“വലിയ സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്നേഹത്തോടെയും ഞങ്ങൾ അറിയക്കട്ടെ, ഫെബ്രുവരി 15 ന്, ഞങ്ങളുടെ ആൺകുഞ്ഞ് ജനിച്ചു. വാമികയുടെ കുഞ്ഞു സഹോദരൻ അകായ്‌ക്ക് ഞങ്ങളുടെ ലോകത്തേക്ക് സ്വാഗതം. ഇക്കാര്യം നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ ഈ നിമിഷത്തിൽ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും പ്രതീക്ഷിക്കുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു”- എന്നാണ് കോലിയും അനുഷ്കയും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

2023 നവംബറിൽ അനുഷ്‌ക ശർമ്മയുടെ രണ്ടാം ഗർഭധാരണത്തെക്കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. നെതർലൻഡ്‌സിനെതിരായ ടീം ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ബെംഗളൂരുവിൽ നടന്ന ദീപാവലി ആഘോഷത്തിൽ അനുഷ്‌ക ശർമ്മയുടെ സാന്നിധ്യം ഉണ്ടായതിന് പിന്നാലെയാണ് വാർത്തകൾ വന്നത്. എന്നാൽ ഇതിൽ അനുഷ്കയോ കോലിയോ പ്രതികരിച്ചിരുന്നില്ല.















