കോട്ടയം: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. പാലയിൽ വച്ച് ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. വലവൂർ സ്വദേശി രാജൻ (54) ഭാര്യ സീത (52) എന്നിവരാണ് മരിച്ചത്. പേണ്ടാനം ഭാഗത്തുള്ള ഒരു ഹോട്ടലിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിയ ശേഷം വലവൂർ ഭാഗത്തേക്ക് പോകാനായി ബൈക്ക് തിരിക്കുന്നതിനിടെ എതിർ വശത്തുനിന്നുവന്ന ബസ് ഇടിക്കുകയായിരുന്നു. തൃശൂരിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് ബൈക്കിൽ ഇടിച്ചത്.
അപകടത്തിന് ശേഷം 15 മീറ്ററോളം മുന്നോട്ട് പോയാണ് ബൈക്ക് നിർത്തിയത്. ബൈക്ക് ബസിന്റെ മുൻ ഭാഗത്തെ ടയറിനടയിൽപ്പെട്ട നിലയിലായിരുന്നു. നാട്ടുകാർ ചേർന്ന് ദമ്പതികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.