മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ആരംഭിച്ചെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒപ്പം ചിത്രത്തിന്റെ അവസാന ഷെഡ്യൂളിലേക്ക് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ജോയിൻ ചെയ്തിരിക്കുകയാണ്.
ചിത്രത്തിലെ മമ്മൂട്ടിയുടെ രംഗങ്ങൾ ചിത്രീകരിച്ച് കഴിഞ്ഞു. ഗൗതം മേനോന്റെ രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളതെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. സരിഗമ ഫിലിം സ്റ്റുഡിയോയും യൂഡ്‌ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരും ചേർന്നാണ് ബസൂക്ക നിർമ്മിക്കുന്നത്.
ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നിമേഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ്-നിഷാദ് യൂസഫ്, സംഗീതം, പശ്ചാത്തല സംഗീതം- മിഥുൻ മുകുന്ദൻ എന്നിവരാണ് സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഈ വർഷം തന്നെ തീയേറ്ററുകളിലെത്തും.















