കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് സന്ദേശ്ഖാലി സന്ദർശിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുവാദം നൽകിയതിന് പിന്നാലെയാണ് പ്രതികരണം.
” കുറ്റവാളിയായ വ്യക്തിയെ അറസ്റ്റ് ചെയ്യണം എന്ന കാര്യം ഞാൻ വളരെ മുൻപ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഷെയ്ഖ് ഷാജഹാൻ ഇപ്പോഴും ഒളിവിലാണ്. അയാൾ അറസ്റ്റ് ചെയ്യപ്പെടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. സന്ദേശ്ഖാലി സംഭവത്തിൽ ഗവർണറുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഈ പ്രശ്‌നത്തിന് എത്രയും വേഗം ഒരു പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുകയുള്ളു. കുറ്റവാളിയെ അറസ്റ്റ് ചെയ്യണം എന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്‌ച്ചയ്‌ക്കും തയ്യാറാകില്ലെന്നും” അദ്ദേഹം പറഞ്ഞു. അതേസമയം സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ബംഗാൾ ഡയറക്ടർ ജനറൽ ഓഫ് പോലീസ് രാജീവ് കുമാർ ഇന്നലെ സന്ദേശ്ഖാലിയിലെത്തി. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും, അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.