ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്രം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ മൂന്ന് ക്യാമ്പസുകൾ, ഐഐടികൾ, കേന്ദ്രീയ വിദ്യാലായങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. ഇതിന് പുറമേ 13,375 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും ചെയ്യും.
ജമ്മു, ബോധഗയ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഐഐഎം ക്യാമ്പസുകൾ ഉദ്ഘാടനം ചെയ്യുക. ഐഐടി ഭിലായ്, ഐഐടി തിരുപ്പതി, ഐഐടി ജമ്മു, ഐഐഐടിഡിഎം കാഞ്ചീപുരം എന്നിവയുടെ സ്ഥിരം കാമ്പസുകളും ഉദ്ഘാടനം ചെയ്യുന്നവയിൽ ഉൾപ്പെടുന്നു. കാൺപൂരിൽ സ്ഥിതി ചെയ്യുന്ന നൂതന സാങ്കേതിക നൈപുണ്യ പരിശീലനത്തിനുള്ള പ്രമുഖ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽസിന്റെ (ഐഐഎസ്) ഉദ്ഘാടനവും നടക്കും. കേന്ദ്ര സംസ്‌കൃത സർവകലാശാലയുടെ രണ്ട് കാമ്പസുകൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. ഉത്തരാഖണ്ഡിലെ ദേവപ്രയാഗിലും ത്രിപുരയിലെ അഗർത്തലയിലുമാണ് ക്യാമ്പസ്.
20 കേന്ദ്രീയ വിദ്യാലയങ്ങളുടെ കെട്ടിടങ്ങൾ, 13 നവോദയ വിദ്യാലയങ്ങൾക്കായുള്ള കെട്ടിടങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. രാജ്യത്തുടനീളം അഞ്ച് കേന്ദ്രീയ വിദ്യാലയങ്ങൾ, ഒരു നവോദയ ക്യാമ്പസ്, അഞ്ച് മൾട്ടി പർപ്പസ് ഹാൾ എന്നിവയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.