കാബൂൾ: അമൂല്യ വസ്തുക്കളും നിധികളും കൈക്കലാക്കാൻ അഫ്ഗാനിസ്ഥാനിലെ പൗരാണിക കേന്ദ്രങ്ങൾ ഇടിച്ചുനിരത്തി താലിബാനും കൊള്ള സംഘങ്ങളും. നൂറുകണക്കിന് പുരാവസ്തു കേന്ദ്രങ്ങൾ തകർക്കപ്പെട്ടതിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയുടെ ഗവേഷകരാണ് ഇക്കാര്യം തെളിവുസഹിതം വെളിപ്പെടുത്തിയത്. 2021ൽ താലിബാൻ അധികാരത്തിലെത്തിയതിന് ശേഷവും അതിന് മുമ്പുമുള്ള ഉപഗ്രഹ ചിത്രങ്ങൾ താരതമ്യം ചെയ്യുമ്പോൾ കൊള്ളയടിക്കപ്പെട്ടതും ഇടിച്ചുനിരത്തിയതും വ്യക്തമാണ്.
1000 ബിസിക്ക് മുമ്പുള്ള പൗരാണിക കേന്ദ്രങ്ങൾ വരെ തകർക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാനമായും അഫ്ഗാനിലെ ബൾഖ് മേഖലയിൽ സ്ഥിതിചെയ്യുന്നവയാണ് ഇടിച്ചുനിരത്തിയിരിക്കുന്നത്. ഇവയിൽ പലതും രണ്ടായിരം വർഷം പഴക്കമുള്ളതായിരുന്നു. പുരാതന അഫ്ഗാനിലെ ഏറ്റവും സമ്പന്നവും ജനനിബിഡവുമായി കേന്ദ്രമായിരുന്നു ബൾഖ് മേഖല. പിൽക്കാലത്ത് ഇവിടം കൊള്ളക്കാരുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറുകയായിരുന്നു. കണക്കിൽപ്പെടാത്ത നിധി ഇവിടെയുണ്ടെന്ന കണ്ടെത്തലിലാണ് കൊള്ളസംഘങ്ങൾ തക്കം പാർത്തിരുന്നത്. മുൻ സർക്കാരിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി താലിബാൻ അധികാര കസേരയിൽ എത്തിയതോടെ കൊള്ളക്കാർക്കൊപ്പം ചേർന്ന് പുരാവസ്തു കേന്ദ്രങ്ങളെല്ലാം തകർക്കുകയും അവ നിലനിന്നിരുന്ന സ്ഥാനത്ത് ഖനനം ചെയ്യുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.