തൃശൂർ: കേരള കലാമണ്ഡലം പാകിസ്താൻ രാഷ്‌ട്രീയ കേന്ദ്രമായി മാറ്റേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അമിതമായ രാഷ്‌ട്രീയം കലാമണ്ഡലത്തിന്റെ വളർച്ചക്ക് തടസം ഉണ്ടാക്കിയിട്ടുണ്ടെന്നും വളരെ അനന്തമായ സാധ്യതകളുള്ള ഒരു സ്ഥാപനമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനകത്തും പുറത്തുമുള്ള നമ്മുടെ കലാകാരന്മാർക്കും അന്യം നിന്ന് പോകുന്ന അനുഷ്ഠാന കലകൾക്കും അനേകം അവസരങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതകളാണ് കലാമണ്ഡലം തുറന്നിട്ടിരിക്കുന്നത്. നരേന്ദ്രമോദി സർക്കാർ രാജ്യത്ത് പ്രസിദ്ധമായ പല തീർത്ഥാടന കേന്ദ്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ധാരാളം അവസരങ്ങളുണ്ടാക്കിയിട്ടുണ്ട്. രാഷ്‌ട്രീയക്കാരെ കുടിയിരുത്തി കാര്യങ്ങൾ നടത്തുന്ന കേന്ദ്രമായി കലാമണ്ഡലം മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരള കലാമണ്ഡലം ഭരണ സമിതിക്കെതിരെ വിമർശനവുമായി ഇടത് എഴുത്തുകാരൻ എൻ ആർ ഗ്രാമപ്രകാശ് രംഗത്തെത്തിയിരുന്നു. കലാമണ്ഡലത്തിൽ നടക്കുന്നത് മല്ലിക സാരാഭായിയുടെ നേതൃത്വത്തിലുള്ള പുതിയ യുഗമാണെന്നും അവിടെ നടക്കുന്ന കാര്യങ്ങളിൽ തനിക്ക് പങ്കില്ലെന്നും ഗ്രാമപ്രകാശ് ഫേസ്ബുക്കിൽ കുറിച്ചു. കലാമണ്ഡലത്തിൽ ക്രമക്കേടുകൾ നടക്കുന്നതായി ഗ്രാമപ്രകാശ് സാമൂഹികമാദ്ധ്യമങ്ങളിൽ തുടർച്ചയായി എഴുതിയിരുന്നു.
കുട്ടികൾക്കായി ദിവസവും അതിരാവിലെ നടത്താറുള്ള സാധകം ഒഴിവാക്കി. കൊറിയോഗ്രഫികൾ അടക്കം മോശമായതിനെ തുടർന്ന് പലരും തന്നെ വിളിക്കാറുണ്ട്. എന്നാൽ ഇതിലൊന്നും തനിക്ക് ഉത്തരവാദിത്വം ഇല്ലെന്നും ഗ്രാമപ്രകാശ് വ്യക്തമാക്കിയിരുന്നു.















