നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രബർത്തിക്കും കുടുംബത്തിനും ആശ്വാസം. റിയ ചക്രബർത്തി, സഹോദരൻ ഷോവിക്, പിതാവ് ഇന്ദ്രജിത്ത് എന്നിവർക്കെതിരെ പുറത്തിറക്കിയിരുന്ന ലുക്കൗട്ട് നോട്ടീസ് മുംബൈ ഹൈക്കോടതി റദ്ദാക്കി. ഇനിമുതൽ കോടതിയുടെ അനുമതി ഇല്ലാതെ മൂവർക്കും വിദേശത്തേക്ക് പറക്കാം.
2020ലാണ് മൂവർക്കുമെതിരെ നടന്റെ മരണം അന്വഷിക്കുന്ന സിബിഐ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതുപ്രകാരം കോടതിയുടെ പ്രത്യേക അനുമതിയില്ലാതെ ഇവർക്ക് വിദേശത്തേക്ക് പോകാനാകില്ലായിരുന്നു. ഡിവിഷൻ ബെഞ്ചാണ് ലുക്കൗട്ട് നോട്ടീസ് റദ്ദാക്കിയത്. നടിയും കുടുംബവും നൽകിയ ഹർജിയിലായിരുന്നു തീരുമാനം.
സിബിഐ അഭിഷാകന്റെ സ്റ്റേ ആവശ്യം നിരാകരിച്ചാണ് കോടതിയുടെ ഉത്തരവ്. സൂപ്രീം കോടതിയിൽ അപ്പീൽ നൽകാൻ നാലാഴ്ച അനുവദിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിച്ചില്ല.ലഹരിമരുന്ന് കേസിൽ നടി റിയ ചക്രബർത്തി അടക്കമുള്ളവർക്കെതിരെ എൻസിബിയുടെ കുറ്റപത്രം സമർപ്പിച്ചിരുന്നു. മൂവരും ഇപ്പോൾ ജാമ്യത്തിലാണ്.
ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ 2020 ജൂൺ 14നാണ് സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. നടന്റെ മാതാപിതാക്കളുടെ പരാതിയിലാണ് റിയയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.















