ആർട്ടിക്കിൾ 370 എന്ന സിനിമയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ചിത്രം നാളെ (ഫെബ്രുവരി 23) തിയേറ്ററുകളിൽ എത്താനിരിക്കെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിൽ നടന്ന റാലിക്കിടെയാണ് ആർട്ടിക്കിൾ 370 എന്ന ചിത്രം എല്ലാ ജനങ്ങളും കാണണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.
“ആർട്ടിക്കിൾ 370-നെക്കുറിച്ചുള്ള ഒരു സിനിമ ഈ ആഴ്ച പുറത്തിറങ്ങുമെന്ന് ഞാൻ കേട്ടിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയ സംഭവവുമായി ബന്ധപ്പെട്ടുള്ള ശരിയായ വിവരങ്ങൾ ജനങ്ങളിലേയ്‌ക്ക് എത്തിക്കുന്നത് നല്ല കാര്യമാണ്” എന്നായിരുന്നു പ്രധാനമന്ത്രി പൊതുസമ്മേളനത്തിൽ പറഞ്ഞത്. ഇതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് നടി യാമി ഗൗതം പ്രധാനമന്ത്രിക്ക് നന്ദിയും പറഞ്ഞു.
നവാഗതനായ ആദിത്യ സുഹാസ് ജാംബലെയാണ് ആർട്ടിക്കിൾ 370 സംവിധാനം ചെയ്തിരിക്കുന്നത്. യാമി ഗൗതം കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചുകൊണ്ടുള്ള ആർട്ടിക്കിൾ 370 റദ്ദാക്കിയ പ്രധാനമന്ത്രിയുടെ തീരുമാനത്തെ അടിസ്ഥാനമാക്കിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. യാമിഗൗതമും പ്രിയാ മണിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വേഷം ചെയ്യുന്നത് അരുൺ ഗോവിലാണ്. ജ്യോതി ദേശ്പാണ്ഡെ, ആദിത്യ ധാർ, ലോകേഷ് ധാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.















