ജാ നേ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം കാണാൻ ഇന്ന് തിയേറ്ററുകളിൽ യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സും എത്തിയിരുന്നു. സിനിമയല്ല കണ്ടത് മറിച്ച് തങ്ങളുടെ ജീവിതമാണ് സ്‌ക്രീനിൽ കണ്ടതെന്നാണ് അവരുടെ പ്രതികരണം.
‘ ഹോളിവുഡ് സിനിമയുടെ മികവോടെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം സ്‌ക്രീനിൽ കണ്ടത് ഞങ്ങളുടെ ജീവിതമായിരുന്നു. യഥാർത്ഥ സംഭവത്തിൽ എന്തൊക്കെയാണോ സംഭവിച്ചത് അതെല്ലാം സിനിമയിലുമുണ്ട്. യഥാർത്ഥ ജീവിത്തിലെ സംഭവങ്ങളെല്ലാം അതേപോലെ റീ ക്രിയേറ്റ് ചെയ്തിരിക്കുന്നു’.
‘ 2006 ലായിരുന്നു യഥാർത്ഥ സംഭവം നടന്നത്. അതിന് ശേഷം ഒരിക്കലും കൊടൈക്കനാലിൽ യാത്ര പോയിട്ടില്ലായിരുന്നു. മഞ്ഞുമ്മൽ ബോയ്സിന്റെ പൂജ നടന്നത് കൊടൈക്കനാലിൽ ആയിരുന്നു. സംഭവം നടന്നുകഴിഞ്ഞ് 17 വർഷത്തിന് ശേഷം പൂജാ ചടങ്ങിൽ പങ്കെടുക്കാനായാണ് കൊടൈക്കനാലിൽ എത്തിയത്. എന്നാൽ യഥാർത്ഥ ജീവിതത്തിലേതിനെക്കാൾ തീവ്രത കുറച്ചാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. കൊടൈക്കനാലിലെ പോലീസുകാരടക്കം മോശമായാണ് അന്ന് ഞങ്ങളോട് പെരുമാറിയത്.’
എറണാകുളം ജില്ലയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്നും 11 സുഹൃത്തുക്കൾ നടത്തിയ കൊടൈക്കനാൽ യാത്രയുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്സിൽ പറയുന്നത്. സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അരുൺ കുര്യൻ തുടങ്ങി യുവ താരനിരയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ആദ്യ ഷോ പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. പ്രേക്ഷകരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.