കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് പേസർ മുഹമ്മദ് ഷമിക്ക് ഐപിഎൽ നഷ്ടമാക്കും. ഗുജറാത്ത് ടൈറ്റൻസിന്റെ ബൗളിംഗ് നിരയിൽ ഷമിയുടെ അഭാവം വലിയ വിടവ് സൃഷ്ടിക്കും. ബിസിസിഐയെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങളാണ് ഷമിക്ക് ഐപിഎൽ നഷ്ടമാകുന്ന കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിനിടയിലാണ് ഷമിക്ക് പരിക്കേറ്റത്. പരിക്കിൽ നിന്ന് മുക്തമാകാൻ വേണ്ടി കഴിഞ്ഞ ജനുവരിയിൽ ലണ്ടനിൽ നിന്ന് ഷമി കുത്തിവെപ്പെടുത്തിരുന്നു. ഇത് ഫലം കാണാതെ വന്നതോടെയാണ് താരത്തെ ശസ്ത്രക്രിയയ്‌ക്കായി ലണ്ടനിലേക്കയക്കാൻ ബിസിസിഐ തീരുമാനിച്ചത്.
”ജനുവരി അവസാനം ഷമി ലണ്ടനിൽ നിന്ന് കുത്തിവെപ്പ് എടുത്തിരുന്നു. മൂന്ന് ആഴ്ചയ്‌ക്ക് ശേഷം ചെറിയ രീതിയിൽ ഓട്ടവും മറ്റു പരിശീലനവും ആരംഭിക്കാമെന്ന്
ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ, കുത്തിവെപ്പ് ഫലിച്ചില്ല, ഇപ്പോൾ ശസ്ത്രക്രിയയല്ലാതെ മറ്റൊരു മാർഗവുമില്ല. ശസ്ത്രക്രിയയ്‌ക്കായി അദ്ദേഹം ഉടൻ യുകെയിലേക്ക് പോകും. സുഖം പ്രാപിക്കാൻ കാര്യമായ സമയം ആവശ്യമാണ്, അതിനാലാണ് ടൂർണമെന്റിന്റെ വരാനിരിക്കുന്ന സീസൺ അദ്ദേഹത്തിന് നഷ്ടമാകുന്നത്”.-ബിസിസിഐയെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഐപിഎല്ലിൽ 17 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റ് വീഴ്‌ത്തിയ ഷമി പർപ്പിൾ ക്യാപ് നേടിയിരുന്നു. ഗുജറാത്തിന് മാത്രമല്ല ഷമിയുടെ പരിക്ക് ടീം ഇന്ത്യക്കും തലവേദനയാണ്. ജൂണിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഷമി ഫോം വീണ്ടെടുത്തില്ലെങ്കിൽ ഇന്ത്യൻ ക്യാമ്പും വിയർക്കും. 24 വിക്കറ്റുമായി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനത്തിന് മുതൽക്കൂട്ടായി ഷമി മാറിയിരുന്നു. ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിലാണ് ഈ 33-കാരൻ അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഷമി കളിച്ചിരുന്നില്ല. പരിക്ക് മാറി തിരികെയെത്തുന്ന ഷമി ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയിൽ മടങ്ങിവരാനാകും ശ്രമിക്കുക.















