ഗാന്ധിനഗർ: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിനായോ പൗരന്മാർക്കായോ കോൺഗ്രസ് പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ലെന്നും പകരം തന്നെ അധിക്ഷേപിക്കുന്നത് ഒരു അജണ്ടയായി അവർ ഏറ്റെടുത്തിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തനിക്കെതിരെ കോൺഗ്രസ് നടത്തുന്ന ജാതി അധിക്ഷേപം അവർക്കെതിരെ പോരാടാനുള്ള കരുത്ത് പകരുന്നു. കോൺഗ്രസിന്റെ ഈ പ്രവർത്തികൾ, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400ലധികം സീറ്റുകൾ പിടിച്ചെടുക്കാനുള്ള ബിജെപി-എൻഡിഎ സഖ്യത്തിന്റെ നിശ്ചയദാർഢ്യത്തെ ദൃഢമാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” കോൺഗ്രസുകാർ മോദിക്കെതിരെ എങ്ങനെ ജാതി അധിക്ഷേപം നടത്തുന്നുവെന്ന് നിങ്ങൾ കണ്ടിരിക്കുമല്ലോ? പക്ഷേ അവർ മനസിലാക്കുന്നില്ല എത്രത്തോളം അവർ എന്നെ അധിക്ഷേപിക്കുന്നുവോ അത്രത്തോളം ശക്തമായി ഞങ്ങൾ മുന്നേറുകയാണ്. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400 സിറ്റുകളെങ്കിലും പിടിച്ചെടുക്കും. മോദിയെ അധിക്ഷേപിക്കുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യവും അജണ്ടയും. അതിൽ അവർ വിജയിക്കുന്നുണ്ടെങ്കിലും അത് ഞങ്ങൾക്ക് മുന്നേറാനുള്ള ശക്തി പകരുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസുകാർ ചളി വാരി എറിഞ്ഞോട്ടെ. അവർ എത്രത്തോളം ചളി വാരി എറിയുന്നുവോ അത്രത്തോളം മഹത്വത്തോടെ 370ലധികം താമര പൂക്കൾ വിരിയിക്കാൻ ജനങ്ങൾക്ക് ഉണർവ് നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനായി ഇന്നേ വരെ കോൺഗ്രസ് പ്രത്യേകിച്ച് വികസന പദ്ധതികളൊന്നും നടപ്പിലാക്കിയിട്ടില്ല. അവരുടെ അജണ്ട എങ്ങനെ മോദിയെ ആക്ഷേപിക്കാമെന്നത് മാത്രമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത് ബിജെപിക്ക് മാത്രമായി 370 സീറ്റുകൾ പിടിച്ചെടുക്കാനുള്ള ഊർജ്ജമാണ് പകരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.