തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രെവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു കൊണ്ടുള്ള സർക്കുലർ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റ് നടത്തുന്ന സമയത്ത് ഹാൻഡിൽ ബാറിൽ ഗിയർ വരുന്ന വാഹനങ്ങൾ നൽകരുത്. ഇത്തരം സാങ്കേതികവിദ്യ കാലാഹരണപ്പെട്ടതാണെന്ന് സർക്കുലറിൽ പറയുന്നു. ‘മോട്ടോർ സൈക്കിൾ വിത്ത് ഗിയർ’ എന്ന വിഭാഗത്തിന്റെ ഡ്രൈവിംഗ് ടെസ്റ്റിനായി കാലുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ളതും 95 CC ക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ ഉപയോഗിക്കണം. ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ഡ്രൈവിംഗ് ടെസ്റ്റിനായി ഓട്ടോമാറ്റിക് ഗിയർ/ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സർക്കുലറിൽ പറയുന്നു. പുതിയ മാറ്റങ്ങൾ മെയ് 1നാണ് പ്രാബല്യത്തിൽ വരുന്നത്.
15 വർഷത്തിൽ കൂടുതൽ ഉപയോഗിച്ച വാഹനങ്ങൾ ടെസ്റ്റിനായി ഉപയോഗിക്കുന്നത് ഒഴിവാക്കണം, വാഹനങ്ങളുടെ റോഡ് ടെസ്റ്റ് നിർബന്ധമായും റോഡിലൂടെ തന്നെ നടത്തണം, ഡ്രൈവിംഗ് സ്‌കൂളുകൾ കൊണ്ടുവരുന്ന കാറുകളിൽ ഡാഷ് ബോർഡ് ക്യാമറകൾ ഘടിപ്പിക്കണം തുടങ്ങിയ നിബന്ധനകളും പരിഷ്‌കരിച്ച മാറ്റങ്ങളിൽ ഉൾപ്പെടുന്നു. ടെസ്റ്റ് നടക്കുന്ന സമയങ്ങളിൽ ഡാഷ് ബോർഡിൽ ഘടിപ്പിച്ച ക്യാമറ ഇത് റെക്കോർഡ് ചെയ്യണമെന്നും പിന്നീട് സേവ് ചെയ്ത വീഡിയോ ഉദ്യോഗസ്ഥർ വാങ്ങി സൂക്ഷിക്കണമെന്നും സർക്കുലറിൽ പറയുന്നു. വിവിധ തരത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള പരിശോധനയും നടപ്പിലാക്കുമെന്നും പരിഷ്‌കരിച്ച സർക്കുലറിൽ പറയുന്നുണ്ട്.















