ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കവെ ഇവിഎമ്മിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. ഇവിഎമ്മിൽ ആർക്കും വിശ്വാസമില്ലെന്നും കോൺഗ്രസ് പണ്ടേ ഇവിഎമ്മിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അതിനാൽ വരുന്ന തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തണമെന്നുമാണ് ദിഗ്‌വിജയ സിംഗിന്റെ ആവശ്യം.
ഇവിഎമ്മുകളുടെ നിഷ്പക്ഷതയെക്കുറിച്ച് ഞങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴെല്ലാം, തിരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങൾക്ക് അവരുടെ പതിവ് ചോദ്യങ്ങൾ അയച്ചു തന്നതല്ലാതെ മറ്റൊരു പ്രതികരണവും നടത്തിയില്ലെന്ന് ദിഗ്‌വിജയ സിംഗ് പറഞ്ഞു. ഇവിഎമ്മുകളിൽ കോൺഗ്രസിന് വിശ്വാസമില്ലെന്നും ഇവിഎം നിർമ്മിക്കുന്ന കമ്പനിയുടെ ബോർഡിലുള്ളവർക്ക് ബിജെപിയുമായി അടുപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പോരാട്ടം കോൺഗ്രസ് തുടരും. ഇലക്ഷൻ കമ്മീഷന്റെ നിഷ്പക്ഷതയിലും സംശയമുണ്ട്. ഇവിഎം വഴി വോട്ട് ചെയ്താൽ അത് ഈ സർക്കാരിന് അനുയോജ്യമായാണ് ലഭിക്കുന്നതെന്നും ദിഗ്‌വിജയ സിംഗ് വാദിച്ചു.