കോഴിക്കോട്: സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു. മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിന് സമീപമാണ് സംഭവം. കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥനെയാണ് കൊലപ്പെടുത്തിയത്. വെട്ടേറ്റ സത്യനാഥനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ശരീരത്തിൽ നാല് തവണ വെട്ടേറ്റതായാണ് വിവരം. മദ്യലഹരിയിലുണ്ടായിരുന്നയാളാണ് ആക്രമിച്ചത്. മഴു ഉപയോഗിച്ചു വെട്ടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ആക്രമണത്തെ തുടർന്ന് കൊയിലാണ്ടി താലൂക്കിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റിയംഗം അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന സൂചന. കൊയിലാണ്ടി നഗരസഭാ ചെയർമാനായിരുന്ന കെ. സത്യന്റെ ഡ്രൈവറായിരുന്നു കസ്റ്റഡിയിലുള്ള അഭിലാഷ്. ആക്രമണ സമയത്ത് അഭിലാഷിനൊപ്പം കൂടുതലാളുകൾ ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തിൽ കൊയിലാണ്ടി പോലീസ് അന്വേഷണം തുടരുകയാണ്.