മുംബൈ: കോൺഗ്രസിന് മുസ്ലീങ്ങളെന്നാൽ വോട്ട് ബാങ്ക് മാത്രമാണെന്നും, മുസ്ലീങ്ങൾക്കൊപ്പമാണെന്ന് വരുത്തി തീർത്തു കൊണ്ട് അവർക്ക് ഏറ്റവും അധികം നഷ്ടമുണ്ടാക്കിയ പാർട്ടിയാണ് കോൺഗ്രസ് എന്നും ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല. മുംബൈ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് സിഷൻ സിദ്ദിഖിയെ കോൺഗ്രസ് നീക്കിയതിന് പിന്നാലെയാണ് ഷെഹ്‌സാദിന്റെ വിമർശനം. യഥാർത്ഥത്തിൽ ഏറ്റവും വലിയ മുസ്ലീം വിരുദ്ധ പാർട്ടിയാണ് കോൺഗ്രസ് എന്നും അദ്ദേഹം ആരോപിച്ചു.
” കോൺഗ്രസ് മുസ്ലീങ്ങൾക്കൊപ്പമാണെന്നാണ് വാദം. എന്നാൽ മുസ്ലീങ്ങൾക്ക് ഏറ്റവും കൂടുതൽ നഷ്ടം വരുത്തിയ പാർട്ടിയാണ് കോൺഗ്രസ്. പ്രീണന രാഷ്‌ട്രീയമാണ് കോൺഗ്രസ് കളിക്കുന്നത്. വോട്ട് ബാങ്കിന് വേണ്ടിയിട്ടാണ് തങ്ങൾ ന്യൂനപക്ഷങ്ങൾക്കൊപ്പമാണെന്ന വാദം അവർ ഉയർത്തുന്നത്. സിഷൻ സിദ്ദിഖി ഇന്നത് സ്വയം മനസിലാക്കുന്നുണ്ടാകാം. മുംബൈയിൽ കലാപം ഉണ്ടാക്കാൻ കോൺഗ്രസ് അനുവാദം നൽകിയത് നമ്മളെല്ലാവരും കണ്ടതാണ്. ഉദ്ധവിന്റെ ആളുകളാണ് ഇതിന് പിന്നിലെന്നായിരുന്നു കോൺഗ്രസിന്റെ വാദം. എന്നാലിന്ന് അവരുമായി കോൺഗ്രസ് കൂട്ടുകൂടിയിരിക്കുകയാണ്.
കോൺഗ്രസിൽ ചില ആൾക്കാർക്കൊഴികെ മറ്റാർക്കും തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. സിഷൻ ഇന്ന് നേരിടുന്ന പ്രശ്‌നം കോൺഗ്രസിലെ പല നേതാക്കളും വർഷങ്ങളായി അഭിമുഖീകരിക്കുന്ന കാര്യമാണ്. പാർട്ടിയിലെ നേതാക്കൾ തന്നെ ഈ സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയാണെന്നും” ഷെഹ്‌സാദ് പൂനവാല ആരോപിച്ചു. പാർട്ടി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നീക്കിയതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിഷൻ സിദ്ദിഖിയും രംഗത്തെത്തിയിരുന്നു.
ന്യൂനപക്ഷങ്ങളോടുള്ള പാർട്ടിയുടെ സമീപനം ശരിയല്ലെന്നും, തന്നെ സ്ഥാനത്ത് നിന്ന് നീക്കിയത് ശരിയായ നടപടി ആയിരുന്നില്ലെന്നും സിഷൻ സിദ്ദിഖി ആരോപിക്കുന്നു. സിഷൻ സിദ്ദിഖിയുടെ പിതാവ് ബാബ സിദ്ദിഖി ഈ മാസം ആദ്യം കോൺഗ്രസിൽ നിന്ന് രാജി വച്ച് അജിത് പവാറിന്റെ എൻസിപിയിൽ ചേർന്നിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് പാർട്ടിയ്‌ക്കുള്ളിൽ പോലും തന്റെ ഉത്തരവാദിത്വങ്ങൾ സ്വാതന്ത്ര്യത്തോടെ നടപ്പാക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.















