യാമി ഗൗതമിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആദിത്യ സുഹാസ് ജാംബലെ സംവിധാനം ചെയ്യുന്ന ‘ആർട്ടിക്കിൾ 370’ ഇന്ന് തിയേറ്ററുകളിൽ. സിനിമ പ്രഖ്യാപിച്ചത് മുതൽ നിരവധി പേർ കാത്തിരിക്കുന്ന ചിത്രമാണ് ‘ആർട്ടിക്കിൾ 370’. ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിച്ചുകൊണ്ടുള്ള ആർട്ടിക്കിൾ 370 റദ്ദാക്കിയ പ്രധാനമന്ത്രിയുടെ തീരുമാനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
റിലീസിന് മുമ്പ് തന്നെ 39.68 ലക്ഷം രൂപയാണ് അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം നേടിയത്. ഫെബ്രുവരി 21-ന് വൈകുന്നേരം 4:30 വരെ PVRInox-ൽ മാത്രം 11,000 ടിക്കറ്റുകൾ വിറ്റു.
കശ്മീരിലെ വിഘടനവാദവും തീവ്രവാദവും അവസാനിപ്പിക്കാൻ ആർട്ടിക്കിൾ 370 പിൻവലിച്ച നടപടിയും തുടർ സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്. ആർട്ടിക്കിൾ 370 പിൻവലിക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച മുന്നൊരുക്കങ്ങളും ഇതിനായി രഹസ്യമായി താഴ്വരയിൽ പ്രവർത്തിച്ച സുരക്ഷാ സേനയിലെ പ്രത്യേക ടീമിന്റെയും കഥയാണ് ‘ആർട്ടിക്കിൾ 370’
യാമി ഗൗതമും പ്രിയാ മണിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. അരുൺ ഗോവിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വേഷം ചെയ്യുന്നത്. ‘ഉറി ദ സർജിക്കൽ സ്‌ട്രൈക്ക്’ എന്ന സിനിമയുടെ സംവിധായകൻ ആദിത്യ ധാർ, മൊണാൽ താക്കർ എന്നിവർ ചേർന്നാണ് ‘ആർട്ടിക്കിൾ 370’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.















