ഏഴരശ്ശനി , ജന്മശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി

Published by
Janam Web Desk

ഏഴരശ്ശനി
ശനി ഒരു രാശിയില്‍ നില്‍ക്കുന്നത്‌ രണ്ടരവര്‍ഷമാണ്‌. ഒരാള്‍ ജനിച്ച കൂറിന്റെ പന്ത്രണ്ടിലും, ജനിച്ചകൂറിലും, ജനനക്കൂറിന്റെ രണ്ടിലും ഗ്രഹചാരവശാല്‍ ശനി വരുന്ന തുടര്‍ച്ചയായ ഏഴരവര്‍ഷത്തെയാണ്‌ (ഓരോ രാശിയിലെയും രണ്ടര വര്ഷം വീതം) ഏഴരശ്ശനി എന്നു പറയുന്നത്‌. ജന്മത്തിൽ ശനി വരുന്ന രണ്ടരവർഷമാണ് ഏറ്റവും ബുദ്ധിമുട്ടുകൾ ഉണ്ടായിക്കാണുന്നത്. ജാതകത്തിൽ ശനി പ്രതികൂലമായി നിൽക്കുന്നവരെ ഇതു കൂടുതൽ അനിഷ്ടമായി ബാധിക്കുന്നു.

പുണ്യാവതാരങ്ങളായ ശ്രീരാമചന്ദ്രസ്വാമിയും ശ്രീകൃഷ്ണ ഭഗവാനും പോലും ഏഴരശ്ശനി കാലത്തു കഷ്ടത അനുഭവിച്ചിട്ടുണ്ട്. പട്ടാഭിഷേകം മുടങ്ങുന്ന സമയത്തു ആണ് ശ്രീരാമചന്ദ്ര ഭഗവാന്റെ ഏഴര ശനി ആരംഭിച്ചത്. അദ്ദേഹം ഭാര്യ സീതയോടും സഹോദരൻ ലക്ഷ്മണനോടും ഒപ്പം വനവാസത്തിന് പോകേണ്ടി വന്നു. ഭഗവാൻ ശ്രീകൃഷ്ണൻ സ്യമന്തകം അപഹരിച്ചു എന്ന അപവാദം കേൾക്കേണ്ടി വന്നത് ഏഴരശ്ശനി കാലത്താണ്. സാക്ഷാൽ ശിവഭഗവാനെ പൂജിക്കുന്ന അജയ്യനായ രാക്ഷസ രാജാവായ രാവണന് ഏഴരശ്ശനി സമയത്താണ് സീതയെ അപഹരിക്കാൻ തോന്നിയത്. ഈ ദുഷ്‌പ്രവൃത്തി രാവണന്റെ നാശത്തിന് കാരണമായി.

ശനി ഇപ്പോള്‍ (2023 ജനുവരി മുതൽ). കുംഭം രാശിയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.

ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം (മകരക്കൂറ്‌) ഇവര്‍ക്ക്‌ ശനി രണ്ടില്‍ സ്ഥിതി ചെയ്യുന്നു. ഉദ്ദേശം 2025 മാർച്ച് മാസം വരെ ഏഴരശ്ശനി ആണ്.

അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം (കുംഭക്കൂറ്‌) ശനി ജന്മത്തില്‍ സ്ഥിതി ചെയ്യുന്നു. ഉദ്ദേശം 2027 ഒക്ടോബര് വരെ ഏഴരശ്ശനി ആണ്.

പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി (മീനക്കൂറ്‌) ഈ നക്ഷത്രക്കാര്‍ക്ക്‌ ശനി പന്ത്രണ്ടില്‍ സ്ഥിതി ചെയ്യുന്നു. ഉദ്ദേശം 2030 ഏപ്രിൽ വരെ ഏഴരശ്ശനി ആണ്.

വിവാഹം, ഗ്രഹ നിർമ്മാണം പോലുള്ള നല്ല കാര്യങ്ങൾ ഏഴരശ്ശനി കാലത്തും സംഭവിക്കാം. എങ്കിലും പൊതുവിൽ എല്ലാ കാര്യങ്ങൾക്കും തടസ്സം, അലസത, അലഞ്ഞുതിരിയൽ, ധനനഷ്ടം, ദാരിദ്ര്യം, എല്ലായിടത്തും നിന്നും അപമാനം, ജോലി നഷ്ടം, ജോലി ലഭിക്കാൻ താമസം, വിദേശത്തേക്ക് താല്പര്യമില്ലാത്ത ജോലിക്ക് പോകേണ്ടി വരുക, വിരഹം, സ്ഥാനഭ്രംശം, മുൻകോപം, നീചപ്രവൃത്തികൾ ചെയ്യുക/ചെയ്യിക്കുക, ദുഷിച്ച ചിന്തകൾ, നിഗൂഢപ്രവർത്തനങ്ങളിൽ ഏർപ്പെടുക, മാരകപ്രവൃത്തികളുടെ കുറ്റം ഏൽക്കേണ്ടി വരിക, ബന്ധുക്കൾ, മാതാപിതാക്കൾ, ഭാര്യാപുത്രാദികളുമായി കലഹം, പോലീസ് കേസിൽ അകപ്പെടുക, കോടതി കയറുക, കേസുകളിൽ പരാജയം, ജയിൽവാസം, വീടിന് കേടുപാടുകൾ, വീട് വിൽക്കേണ്ടി വരിക, രോഗം,ആപത്ത്, അപമൃത്യു, മരണം, എല്ലാവരോടും യാചിക്കേണ്ടി വരിക, എന്നിവ ഗൃഹത്തിൽ സംഭവിക്കാം.

ദശാപഹാരങ്ങള്‍ കൂടി കണക്കാക്കി വേണം കൃത്യമായ ഫലങ്ങൾ, പരിഹാരങ്ങൾ ഗണിക്കേണ്ടത്. ദശാകാലവും, ദശാപഹാരവും നിർണയിച്ചു പരിഹാരം ചെയുന്നത് ഉചിതമായിരിക്കും. അല്ലാതെ പൊതു പരിഹാരങ്ങൾ ആയ ശാസ്താഭജനവും, ശനിവൃതം ഒക്കെ കൊണ്ട് ഏഴരശ്ശനി കടന്നു കിട്ടുന്നത് വലിയ പരീക്ഷണം ആയിരിക്കും.

“ശനിയെ ഭയക്കണ്ട,അല്പം ജാഗ്രത മതി”.വായിക്കുവാൻ  ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കണ്ടകശ്ശനി

ഒരാള്‍ ജനിച്ച നക്ഷത്രം ഏത്‌ കൂറിലാണോ അതാണ്‌ അയാളുടെ ജന്മക്കൂറ്‌. ഗ്രഹചാരവശാല്‍ ശനി ഒരാളുടെ ജന്മക്കൂറിന്റെ 4,7,10 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ അതിനെ കണ്ടകശ്ശനി എന്നു പറയുന്നു. കണ്ടകശ്ശനിക്കാലം രണ്ടരവര്‍ഷമാണ്‌. ഇപ്പോള്‍ ശനി ഗ്രഹചാരവശാല്‍ തന്റെ സ്വന്തം രാശിയായ കുംഭം രാശിയിലാണ്‌.

വൃശ്ചിക ക്കൂറുകാര്‍ക്ക്‌ ശനി നാലിൽ (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

ചിങ്ങക്കൂറുകാര്‍ക്ക്‌ ശനി ഏഴില്‍ (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

ഇടവക്കൂറുകാര്‍ക്ക്‌ ശനി പത്തില്‍ (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

2025 മാർച്ച് മാസം വരെ മേൽജാതകർ കണ്ടകശ്ശനി അനുഭവിക്കേണ്ടി വരും.

ഇവരിൽ ചിങ്ങക്കൂറുകാര്‍ക്ക്‌ അഷ്ടമശ്ശനിയാണ് തുടർന്ന് വരുന്നത്. വളരെയധികം സൂക്ഷിക്കേണ്ട കാലം ആണ് അഷ്ടമശ്ശനി.

കണ്ടകശ്ശനി കൊണ്ടേപോകു എന്നാണ് വാമൊഴി. എന്നാൽ എന്താണ് കൊണ്ടുപോകുന്നത് ആരും പറഞ്ഞു കേട്ടിട്ടില്ല. ഈ കാലഘട്ടത്തിൽ ജാതകന് എന്തിനോട് അല്ലെങ്കിൽ ആരോട് ആണോ ആഗ്രഹം ഇഷ്ട്ടം ഒക്കെ ഉള്ളത്, അത് ശനി കൊണ്ടുപോകും എന്നാണ് പറയുന്നത്. അതായത് യാതൊന്നിനോടും പ്രത്യേകിച്ച് ഒരു മമതയും ഇല്ലാതെ ഈ കാലം കഴിച്ചു കൂട്ടിയാൽ കണ്ടകശനി ഒന്നും കൊണ്ടുപോകില്ല.

വളരെയധികം ദോഷഫലങ്ങള്‍ അനുഭവപ്പെടുന്ന കാലമാണ്‌. കണ്ടകശ്ശനിക്കാലം. ദുഃഖാനുഭവങ്ങള്‍, വഴക്കുകള്‍, അലഞ്ഞുതിരിയുക, സ്ഥാനഭ്രംശം, സാമ്പത്തിക നഷ്ടങ്ങള്‍ കുടുംബത്തില്‍ ദോഷാനുഭവങ്ങള്‍, വെറുക്കപ്പെടുക, അപമാനം അപവാദപ്രചരണം, മരണതുല്യമായ അനുഭവങ്ങള്‍ അപകടം, കേസുകള്‍, ജയില്‍വാസം എന്നീ ദോഷങ്ങള്‍ അനുഭവപ്പെടാം. 4,7,10 എന്നീ വ്യത്യസ്ഥ ഭാവങ്ങളില്‍ വ്യത്യസ്ഥഫലങ്ങള്‍ അനുഭവപ്പെടും.

നാലാം ഭാവമെന്നത്‌ മാതാവ്‌, കുടുംബം, വീട്‌ വാഹനം എന്നിവയുടെ സ്ഥാനമാണ്‌. അതു കൊണ്ട്‌ മാതാവിനും പിതാവിനും രോഗങ്ങള്‍, ഭാര്യാപുത്രാദികള്‍ക്ക്‌ രോഗദുരിതങ്ങള്‍, കുടുംബകലഹം, വീടിനും വാഹനത്തിനും കേടുപാടുകള്‍ സംഭവിക്കുക, വീടു വിട്ടുപോകുക, ധനനഷ്ടം, തസ്‌കരശല്യം അന്യദേശവാസം, കുടുംബബാധ്യതകള്‍ എന്നീ ദോഷഫലങ്ങള്‍ അനുഭവപ്പെടും.

ഏഴാം ഭാവം ഭാര്യാസ്ഥാനമാണ്‌. ഭാര്യാപുത്രാദികള്‍ക്ക്‌ ദോഷഫലങ്ങള്‍, ധനനാശം, കാര്യവിഘ്‌നം, മനക്ലേശം, യാത്രയില്‍ ദുരിതാനുഭവങ്ങള്‍, ഭാര്യഗൃഹത്തില്‍ ദോഷാനുഭവങ്ങള്‍, ബന്ധുക്കളുമായി തര്‍ക്കങ്ങള്‍, കലഹങ്ങള്‍, അപകടങ്ങള്‍ എന്നിവ അനുഭവപ്പെടും.

പത്താംഭാവം കര്‍മമഭാവമാണ്‌. ജോലിയില്‍ വിഘ്‌നങ്ങള്‍ ജോലിയില്‍ അലസത, ജോലി സംബന്ധമായ അലച്ചില്‍, സഹപ്രവര്‍ത്തകരുടെ സഹകരണമില്ലായ്‌മ, മേലധികാരികളുടെ അതൃപ്‌തി, ജോലിയില്‍ കൃത്രിമം കാണിയ്‌ക്കുക, സ്ഥാനചലനം, ജോലി നഷ്ടപ്പെടുക, ജോലിയില്‍ അപകടം എന്നീ അരിഷ്ടഫലങ്ങള്‍ അനുഭവപ്പെടാനിടയുണ്ട്‌.

നാലിൽ നില്ക്കുന്ന ശനിയുടെ ദശാകാലത്തും ശനി ഗോചരാൽ നാലിൽ സഞ്ചരിക്കുന്ന കാലത്തും മാതാവും കുടുംബാംഗങ്ങളും ഒന്നിച്ച് ശനിയാഴ്ചതോറും ശാസ്താക്ഷേത്രദർശനം നടത്തുന്നത് നന്നായിരിക്കും. ഏഴിൽ നില്ക്കുന്ന ശനിയുടെ ദശാകാലത്തും ശനി ഗോചരാൽ ഏഴിൽ സഞ്ചരിക്കുന്ന കാലത്തും ഭാര്യാഭർത്താക്കന്മാർ ഒരുമിച്ച് ശാസ്താക്ഷേത്രദർശനം നടത്തുന്നതും ഉത്തമമാണ്. ഈ സമയത്ത്‌ ജാതകന്‍ അനുഭവിക്കുന്ന ദശാപഹാരകാലങ്ങള്‍ ശുഭഗ്രഹങ്ങളുടേതാണെങ്കില്‍ ദോഷഫലങ്ങള്‍ അല്‌പം കുറഞ്ഞിരിക്കും എന്നല്ലാതെ ഗുണഫലങ്ങൾ അങ്ങനെ അനുഭവത്തിൽ വന്നു കാണാറില്ല.

ശനിദശാകാലത്തെക്കുറിച്ച് കൂടുതൽ അറിയാൻ

അഷ്ടമശ്ശനി

ജ്യോതിഷത്തിൽ ജന്മ നക്ഷത്രത്തിൽ നിന്നും എട്ടാം ഭാവത്തിലൂടെ ശനി സഞ്ചരിക്കുന്നതിനെയാണ് അഷ്ടമശ്ശനി സൂചിപ്പിക്കുന്നത്.

കർക്കിട കൂറുകാർക്ക് പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം 2025 മാർച്ച് മാസം വരെ അഷ്ടമശ്ശനി ആണ്.

2.5 വർഷം നീണ്ടുനിൽക്കുന്ന ഈ കാലം ജീവിതം ഒരു വെല്ലുവിളി ആയിരിക്കും. അഷ്‌ടമശ്ശനിയുടെ ദോഷഫലങ്ങള്‍ അനുഭവമാകുന്ന വര്‍ഷമാണിത്‌. പലവിധ രോഗ വിഷമതകള്‍, അകാരണഭയം, അപകടങ്ങള്‍ എന്നിവയ്‌ക്ക് യോഗം കാണുന്നുണ്ട്‌. ജീവിതത്തിന്റെ വിവിധ മേഖലകളിൽ തടസ്സങ്ങൾ, കാലതാമസം, വെല്ലുവിളികൾ എന്നിവ കൊണ്ടുവരുന്നതിന് അഷ്ടമശ്ശനി അറിയപ്പെടുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, കരിയർ തിരിച്ചടികൾ എന്നിവയായി പ്രകടമാകാം. മാനസികവും വൈകാരികവുമായ സമ്മർദ്ദത്തിന് കാരണമാകും, ഉത്കണ്ഠ, വിഷാദം, മറ്റ് മാനസിക പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. ശനി അസ്ഥികൂടവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ എല്ലുകൾ, സന്ധികൾ, പല്ലുകൾ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. അഷ്ടമ ശനിക്ക് നിലവിലുള്ള ആരോഗ്യസ്ഥിതികൾ വഷളാക്കാം അല്ലെങ്കിൽ പുതിയവ വരാൻ കാരണമാകും. ഒരു വ്യക്തിയുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങളും പരിവർത്തനങ്ങളും കൊണ്ടുവരാൻ കഴിയും, ഒരു പുതിയ കാഴ്ചപ്പാടിലേക്കും വളർച്ചയിലേക്കും നയിക്കുന്നു.

ഒരു വ്യക്തിയുടെ ജനന ഗ്രഹനില, മറ്റ് ഗ്രഹ സ്ഥാനങ്ങൾ എന്നിവയെ ആശ്രയിച്ച് അഷ്ടമശ്ശനിയുടെ ഫലങ്ങൾ വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. അഷ്ടമ ശനിയുടെ ആഘാതം കൃത്യമായി മനസ്സിലാക്കാൻ ജന്മ ഗ്രഹനില വിശദമായ വിശകലനത്തിനായി ഒരു ജ്യോതിഷിയുമായി കൂടിയാലോചിക്കുന്നത് ഉത്തമം.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Share
Leave a Comment