കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് വ്യാജ വാർത്ത സൃഷ്ടിച്ച കൈരളി ടിവിക്കെതിരെ തുറന്നടിച്ച് ബിജെപി നേതാവ് എം.ടി രമേശ്. സിപിഎം ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലപാതകത്തിന് പിന്നിൽ പെരുവട്ടൂർ പുറത്തോന അഭിലാഷ് എന്ന സിപിഎം പ്രവർത്തകൻ തന്നെയായിരുന്നു. ജനമദ്ധ്യത്തിൽ വച്ച് തന്നെയാണ് കൊലപാതകം നടന്നത്. പ്രതി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടും കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് കൈരളി ചാനൽ വാർത്ത നൽകുകയായിരുന്നു. ഇതിനെതിരെയാണ് എം.ടി രമേശ് രംഗത്തു വന്നിരിക്കുന്നത്.
“സിപിഎം നേതാക്കൾ തമ്മിലുള്ള കുടിപ്പകയാണ് കൊയിലാണ്ടിയിലെ കൊലപാതകം. കൊല്ലപ്പെട്ടത് സിപിഎം നേതാവ്, കൊലപാതകത്തിന് പിന്നിൽ സിപിഎമ്മിലെ തന്നെ മറ്റൊരാളും. ക്ഷേത്രോത്സവത്തിനിടെയാണ് കൊലപാതകം നടന്നത്. പ്രതിയെ അപ്പോൾ തന്നെ തിരിച്ചറിയുകയും ചെയ്തിരുന്നു. കൈരളി ചാനലാണ് ഈ വാർത്ത ആദ്യം കൊടുത്തത്”.
“എവിടെ നിന്നാണ് കൈരളി ചാനലിന് കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നുള്ള വാർത്ത കിട്ടിയത്. ആരും അറിയാതെ നടന്ന സംഭവമാണെങ്കിൽ ആ വാർത്തയ്‌ക്ക് ഒരു പ്രസക്തി ഉണ്ടെന്നെങ്കിലും മനസിലാക്കാം. എന്നാൽ ഇവിടെ പ്രതി ആരാണെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് കൈരളി വാർത്ത കൊടുത്തു. അതിന് പിന്നാലെ വാർത്ത എറ്റെടുത്തുകൊണ്ട് സിപിഎം നേതാക്കൾ പോസ്റ്റ് ഇടുകയും പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്യുകയുമായിരുന്നു”- എം.ടി രമേശ് പറഞ്ഞു.















