ശിവരാത്രി മഹോത്സവം; ആലുവയിലേക്ക് സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ

Published by
Janam Web Desk

കൊച്ചി: ശിവരാത്രി ആഘോഷങ്ങൾ പരിഗണിച്ച് സ്‌പെഷ്യൽ ട്രെയിനുകൾ അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഭക്തർക്ക് ആലുവ ശിവ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതിനാണ് പ്രത്യേക സർവീസ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ശിവരാത്രി ദിനമായ മാർച്ച് ഏഴിന് രാത്രി ഷൊർണൂർ-തൃശൂർ എക്‌സ്പ്രസ് ആലുവ വരെ പ്രത്യേക സർവീസ് നടത്തും.

വ്യാഴാഴ്ച രാത്രി 11.15-നാണ് ട്രെയിൻ തൃശൂരിൽ നിന്നും സർവീസ് ആരംഭിക്കുന്നത്. തൃശൂരിനും ആലുവയ്‌ക്കും ഇടയിലുള്ള എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുണ്ടാകും. മാർച്ച് എട്ടിന് പുലർച്ചെ 12.45-ന് ആലുവയിൽ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

മാർച്ച് ഏഴിന് വൈകിട്ട് സർവീസ് നടത്തുന്ന നിലമ്പൂർ-കോട്ടയം എക്‌സ്പ്രസ് നിലവിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. ശിവരാത്രി കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്കായി മാർച്ച് ഒമ്പതിന് പുലർച്ചെ 5.15-ന് ആലുവയിൽ നിന്നും പുറപ്പെടുന്ന തൃശൂർ-കണ്ണൂർ എക്‌സ്പ്രസ് 6:45-ന് തൃശൂരെത്തി കണ്ണൂരിലേക്ക് പതിവ് സർവീസ് നടത്തും. ഈ ട്രെയിനിനും ആലുവ മുതൽ ഷൊർണ്ണൂർ വരെയുള്ള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Share
Leave a Comment