മമ്മൂട്ടി-വൈശാഖ് ചിത്രം ടർബോയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ പോസ്റ്ററിൽ മമ്മൂട്ടി മാസ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടതെങ്കിൽ സെക്കന്റ് പോസ്റ്റർ പ്രേക്ഷകരെ ചിരിപ്പിക്കുകയാണ്. മാസ്- കോമഡി- ആക്ഷൻ ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
സെക്കന്റ് ലുക്ക് പോസ്റ്ററിൽ പോലീസ് സ്റ്റേഷനിൽ പ്രതികൾക്കൊപ്പം നിലത്തു കുത്തിയിരിക്കുന്ന മമ്മൂട്ടിയെയാണ് കാണാൻ കഴിയുന്നത്. നിമിഷ നേരം കൊണ്ടു തന്നെ പോസ്റ്റർ വൈറലായി. ദിവസങ്ങൾക്ക് മുമ്പാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മിഥുൻ മാനുവൽ തോമസാണ് ടർബോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
തെലുങ്കിൽ നിന്ന് സുനിൽ, ഹിന്ദിയിൽ നിന്ന് കാബിർ ദുർഹാൻ സിംഗ്, കന്നടയിൽ നിന്ന് രാജ് ബി ഷെട്ടി തുടങ്ങിയവരും ടർബോയിൽ വേഷം ചെയ്യുന്നുണ്ട്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശം ദുൽഖർ സൽമാന്റെ വേഫെറൽ ഫിലിംസിനാണ്. ഓവർസീസ് പാട്നർ ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്. വിഷ്ണു ശർമ്മ- ഛായാഗ്രാഹകൻ, ജസ്റ്റിൻ വർഗീസ്-സംഗീതം, എഡിറ്റർ- ഷമീർ മുഹമ്മദ്. സംഘട്ടനത്തിന് പ്രാധാന്യം ഏറെയുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിക്കുന്നത് ഫൊണിക്സ് പ്രഭു ആണ്.















