ലണ്ടൻ: നാളെ കുഭമാസത്തിലെ പൂരം നക്ഷത്രം. ആറ്റുകാലമ്മയ്‌ക്ക് ഭരക്തലക്ഷങ്ങൾ ആത്മനൈവേദ്യം സമർപ്പിക്കുന്ന പുണ്യ ദിനം. ക്ഷേത്രോത്സവത്തിന്റെ ഒൻപതാം നാളിലാണ് അമ്മയ്‌ക്ക് പൊങ്കാല സമർപ്പിക്കുന്നത്. കേരളത്തിന്റെ വിവിധയിടങ്ങളിൽ ലക്ഷക്കണക്കിന് സ്ത്രീകൾ സർവ ഐശ്വര്യത്തിനുമായി പൊങ്കാലയിടുന്നു.
എന്നാൽ മലയാളക്കരയിൽ മാത്രമല്ല, വിദേശരാജ്യങ്ങളിൽ പോലും അമ്മയ്‌ക്ക് പൊങ്കാല സമർപ്പിക്കുന്ന ഭക്തരുണ്ട്. ലണ്ടനിലെ ന്യൂഹാംമാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ ഇത്തവണയും പൊങ്കാല സമർപ്പണം നടക്കും. ലണ്ടനിൽ അർപ്പിക്കുന്ന 17-ാമത് ആറ്റുകാൽ പൊങ്കാലയാണ് നാളെ നടക്കുക.
ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ- സാംസ്കാരിക സംഘടനയായ ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ് വർക്കാണ് (BAWN) ആറ്റുകാൽ പൊങ്കാലയ്‌ക്ക് നേതൃത്വം നൽകുന്നത്. സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാകും പൊങ്കാലക്ക് തുടക്കം കുറിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ മുന്നിലാണ് ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ് വർക്ക്.















