ലക്നൗ: വികസിത ഭാരതത്തിന്റെ അടിത്തറയാണ് ആത്മനിർഭർ ഭാരതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ചെറുകിട തൊഴിലാളികളുടെയും കർഷകരുടെയും ഉന്നമനമാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്നും അവരെ സഹായിക്കുമ്പോൾ മാത്രമേ ആത്മനിർഭർ ഭാരത് യാഥാർത്ഥ്യമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കാശിയിൽ സംഘടിപ്പിച്ച പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
‘ഖാദി, കളിപ്പാട്ട നിർമ്മാണം, മേക്ക് ഇൻ ഇന്ത്യ തുടങ്ങീ എല്ലാ ചെറുകിട കർഷകരുടേയും വ്യവസായത്തിന്റേയും അംബാസിഡറാണ് ഞാൻ. വിശ്വനാഥ് ധാമിന്റെ നവീകരണത്തിന് ശേഷം 12 കോടിയിലധികം തീർത്ഥാടകരും വിനോദസഞ്ചാരികളും ധാം സന്ദർശിച്ചു. മോദി സർക്കാർ മൂന്നാം തവണ അധികാരത്തിലെത്തുമ്പോൾ രാജ്യത്തിന്റെ കഴിവുകൾ ലോകത്തിന് മുന്നിലേക്ക് കൊണ്ടുവരും. ഭാരതത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകൾ പുതിയ ഉയരങ്ങളിലെത്തും.
കഴിഞ്ഞ പത്ത് വർഷത്തിനിടെ 11-ാം സ്ഥാനത്തായിരുന്ന ലോക സമ്പദ് വ്യവസ്ഥയെ അഞ്ചാമതെത്തിച്ചു. ഇനി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറും. ഡിജിറ്റൽ ഇന്ത്യ, റോഡ് നവീകരണം, റെയിൽവേ സ്റ്റേഷനുകൾ, വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് ട്രെയിനുകൾ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ രാജ്യത്തെ മാറ്റിമറിച്ചു. രാജ്യത്തെ പ്രധാന കായിക നഗരമായി കാശി ഉയരും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കാശി തൊഴിലിന്റെയും നൈപുണ്യത്തിന്റെയും കേന്ദ്രമാകും’- പ്രധാനമന്ത്രി പറഞ്ഞു.















