തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ എത്താതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അസഭ്യം പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാവിലെ സമരാഗ്നിയുടെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ കൃത്യ സമയത്ത് എത്താതിനെതിരെയാണ് സുധാകരൻ അസഭ്യം പറഞ്ഞത്. മാദ്ധ്യമപ്രവർത്തകർ കാത്തിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സുധാകരൻ അമർഷം പ്രകടിപ്പിച്ചത്.
ആലപ്പുഴ ജില്ലയിലെ പൗരപ്രമുഖർ ഉൾപ്പടെയുള്ളവരെ കാണുന്നതിനും രാഷ്ട്രീയ വർത്തമാന കാര്യങ്ങൾ വിശദീകരിക്കുന്നതിനുമാണ് വാർത്താസമ്മേളനം സംഘടിപ്പിച്ചത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒരുമിച്ചാണ് എന്നും വാർത്താസമ്മേളനം നടത്തുന്നത്. എന്നാലിന്ന് ഏറെ നേരമായിട്ടും വി.ഡി സതീശൻ എത്തിയിരുന്നില്ല. തുടർന്നാണ് മാദ്ധ്യമപ്രവർത്തകരെ പോലും വകവെക്കാതെ സുധാകരൻ അസഭ്യം പറഞ്ഞത്.
ഇതിന് മുമ്പും വാർത്താസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിലുള്ള വാക്പോര് വാർത്തയായിരുന്നു. അന്ന് ആര് സംസാരിക്കുമെന്ന കാര്യത്തിലായിരുന്നു ഇരുവരുടെയും തർക്കം. പൊതുവെ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങളുണ്ടെന്നത് വലിയ ചർച്ചാ വിഷയമാണ്. അതിനിടെയാണ് നേതാക്കന്മാരുടെ ഇത്തരത്തിലുള്ള പരസ്യ നീരസ പ്രതികരണങ്ങൾ.