ലക്നൗ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന് മുന്നോടിയായി ശൈശവ വിവാഹത്തെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ മുസ്ലീം വിവാഹ നിയമം റദ്ദാക്കിയ അസം സർക്കാരിന്റെ നടപടിയെ എതിർത്ത് സമാജ് വാദി പാർട്ടി. ശരിഅത്ത് നിയമവും ഖുറാനും മാത്രമേ മുസ്ലീങ്ങൾ പിന്തുടരൂവെന്ന് എസ്പി എംപി എസ്.ടി. ഹസ്സൻ അവകാശപ്പെട്ടു.
മുസ്ലീം വിവാഹ നിയമം, വിവാഹമോചന രജിസ്ട്രേഷൻ നിയമം എന്നിവ റദ്ദാക്കാനാണ് അസം സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇക്കാര്യത്തെ ഇത്രമാത്രം ഉയർത്തിക്കാണിക്കേണ്ട ആവശ്യമില്ലെന്നും ഇസ്ലാം മതവിശ്വാസികൾ ഖുറാനും ശരിഅത്ത് നിയമവും മാത്രമേ അനുസരിക്കൂവെന്നും ഹസ്സൻ പറഞ്ഞു. എത്ര നിയമങ്ങൾ വേണമെങ്കിലും സർക്കാർ തയ്യാറായിക്കോളൂ. എന്നാൽ മതത്തിന് അതിന്റേതായ ചടങ്ങുകളുണ്ട്. ആയിരക്കണക്കിന് വർഷങ്ങളായി പിന്തുടരുന്നവ. ആരെന്ത് നിയമമുണ്ടാക്കിയാലും അതിനിയും തുടരുക തന്നെ ചെയ്യുമെന്നും എസ്.ടി. ഹസ്സൻ പ്രതികരിച്ചു.
അസമിൽ 89 വർഷം പഴക്കമുള്ള മുസ്ലീം വിവാഹ നിയമങ്ങളാണ് സംസ്ഥാന സർക്കാർ റദ്ദാക്കിയത്. ബഹുഭാര്യത്വം തടയുന്നതിനുള്ള നിയമനിർമ്മാണം ഉടനുണ്ടാകുമെന്നും സർക്കാർ അറിയിച്ചു.