മലയാള സിനിമ ഹിറ്റുകളിലേക്ക് കുതിച്ച് പായുകയാണ്. പ്രേമലുവിനും ഭ്രമയുഗത്തിനും ശേഷം തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. അതിജീവനത്തിന്റെ കഥയുമായി ചിദംബരത്തിന്റെ 11 പിള്ളേരും മമ്മൂട്ടിയുടെ ഭ്രമയുഗത്തെ പിന്നിലാക്കിയിരിക്കുകയാണ്. ഓപ്പണിംഗ് കളക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് 2024- ലെ കണക്കുകളില്‍ രണ്ടാമത് എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസവും മഞ്ഞുമ്മൽ ബോയ്സിന് റെക്കോർഡ് വിൽപനയാണ് നടന്നിരിക്കുന്നതെന്നാണ് ബുക്ക് മൈ ഷോയിലെ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ് 1,68,990 ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസം വിറ്റുപോയത്. നസ്‍ലിന്റെയും മമിതയുടെയും പ്രേമലുവിന്റെ 78,460 ടിക്കറ്റുകളും വിറ്റുപോയെന്നാണ് റെക്കോർഡ്.
എന്നാല്‍ ഭ്രമയുഗത്തിന് ആകെ 40,410 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്.
അനലിസ്റ്റുകളുടെ കണക്കുകൾ അനുസരിച്ച് മഞ്ഞുമ്മൽ ബോയ്സ് രണ്ട് ദിവസം കൊണ്ട് ഇത്രയും വലിയ റെക്കോർഡ് സ്വന്തമാക്കിയതിനാൽ ഭ്രമയുഗത്തിന് വെല്ലുവിളിയാകാനാണ് സാധ്യത. മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് ആഗോളതലത്തില്‍ 50 കോടിയിലേക്ക് വളരെ വേഗത്തിൽ എത്താൻ കഴിയുമെങ്കിലും ഇതിനെ മഞ്ഞുമ്മൽ ബോയ്സ് തടയാനുള്ള സാധ്യത ഏറെയാണ് .
എറണാകുളത്തെ മഞ്ഞുമ്മൽ എന്ന സ്ഥലത്തെ ഒരു കൂട്ടം യുവാക്കളുടെ യഥാർത്ഥ ജീവിത കഥയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ പറയുന്നത്. സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അരുൺ കുര്യൻ തുടങ്ങി യുവ താരനിരയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.















