ന്യൂഡൽഹി: ഹന്ദ്വാര മയക്കുമരുന്ന്- ഭീകരവാദ കേസിലുൾപ്പെട്ട ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ. ലഷ്കർ-ഇ-തൊയ്ബ ഹിസ്ബുൾ മുജാഹിദീൻ എന്നീ നിരോധിത ഭീകരവാദ സംഘടനാ അംഗങ്ങളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കുപ്‌വാര ജില്ലയിലെ തഹസിൽ ഹന്ദ്വാരയിലുള്ള നാല് പ്രതികളുടെയും 2.27 കോടി വിലവരുന്ന സ്വത്തുക്കളാണ് എൻഐഎ കണ്ടുകെട്ടിയത്.
പ്രതികളായ അഫാഖ് അഹമ്മദ് വാനി, മുനീർ അഹമ്മദ് പാണ്ഡെ, സലീം അന്ദ്രാബി, ഇസ്ലാം ഉൾ ഹഖ് എന്നിവരുടെ വീടുകളാണ് കണ്ടുകെട്ടിയ സ്ഥാവര സ്വത്തുക്കൾ. 15 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ച കേസിൽ ഇതുവരെ 12 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹന്ദ്വാര -കുപ്‌വാര മേഖലയിലെ ഭീകരവാദ സംഘങ്ങൾക്ക് ധനസഹായം നൽകുന്നതിനായി മയക്കുമരുന്ന് വഴി വരുമാനം കണ്ടെത്തിയെന്നാണ് കേസ്.
ഹന്ദ്വാരയിലെ ലാംഗേറ്റ് മേഖലയിൽ നടന്ന വാഹന പരിശോധനയെ തുടർന്നാണ് കേസ്. പരിശോധനയിൽ ഒരു കാറിൽ നിന്നും 500 രൂപയുടെ കള്ളപ്പണം കണ്ടെത്തുകയും പ്രാഥമിക ചോദ്യം ചെയ്യലോടെ മയക്കുമരുന്ന്- ഭീകരവാദ ബന്ധത്തിന് വഴിവച്ചു. തുടർന്നാണ് എൻഐഎ അന്വേഷണത്തിലേക്ക് എത്തുന്നത്.