പത്തനംതിട്ട: പാറക്കോട് വൈദ്യുതി ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ടവറിൽ കയറി പരാക്രമം നടത്തിയ യുവാവിനെ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേന സമാധാനപ്പെടുത്തി താഴെയിറക്കി. പാറക്കോട് സ്വദേശി രതീഷ്‌കുമാറാണ് 110 കെവിയുടെ വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കാമുകി സ്ഥലത്തെത്താതെ താഴെ ഇറങ്ങില്ലെന്നായിരുന്നു വിവാഹിതനായ രതീഷ്‌കുമാറിന്റെ ആവശ്യം.
കയ്യിൽ പെട്രോളും പിടിച്ചാണ് ഇയാൾ ടവറിലേക്ക് വലിഞ്ഞു കയറിയത്. അഗ്നിശമന സേന ഇയാളെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ആദ്യം ഇയാൾ അതിന് കൂട്ടാക്കിയില്ല. താൻ പ്രണയിക്കുന്ന യുവതിയെ സ്ഥലത്തെത്തിച്ചാൽ മാത്രമേ താഴെ ഇറങ്ങൂ എന്നാണ് ഇയാൾ പറഞ്ഞത്. തുടർന്ന് അപകടം ഒഴിവാക്കാനായി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പോലീസ് ഭാര്യയേയും കാമുകിയേയും സ്ഥലത്തെത്തിക്കുകയും ചെയ്തു. കാമുകി താഴെ ഇറങ്ങി വരാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാളെ അഗ്നിശമന സേന സമാധാനപ്പെടുത്തി താഴെ ഇറക്കി. ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ കേസുകൾ ചുമത്തി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.















