പാരിസ്: ഫ്രാൻസിന്റെ ദേശീയ പതാകയെക്കുറിച്ച് വിദ്വേഷ പരാമർശം നടത്തിയതിന് പിന്നാലെ മുസ്ലീം പുരോഹിതനെ നാടുകടത്തി ഫ്രഞ്ച് സർക്കാർ. ഇന്റീരിയർ മന്ത്രി ജെറാൾഡ് ധർമാനിയന്റേതാണ് നടപടി. ടുണീഷ്യൻ പൗരനായ ഇമാം മഹ്ജൂബ് മഹ്ജൂബിയെയാണ് അറസ്റ്റ് ചെയ്ത് 12 മണിക്കൂറിനുള്ളിൽ നാടുകടത്തിയത്.
ഫ്രഞ്ച് പതാക പൈശാചികമാണെന്നായിരുന്നു ഇമാമിന്റെ പരാമർശം. ഇതുമായി ബന്ധപ്പെട്ട് ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവയ്‌ക്കുകയായിരുന്നു. ബഗ്നോൽസ്-സുർ-സെസിൽ സ്ഥിതിചെയ്യുന്ന ഇട്ടൗബ മസ്ജിദിലെ പുരോഹിതനായിരുന്നു ഇമാം മഹ്ജൂബ് മഹ്ജൂബി. വിദ്വേഷ പരാമർശം നടത്തിയതിന് പിന്നാലെ, തന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്ന് ചൂണ്ടിക്കാട്ടി തടിതപ്പാൻ ഇമാം ശ്രമിച്ചെങ്കിലും നടന്നില്ല. ഫ്രഞ്ച് ത്രിവർണ പതാകയോട് അനാദരവ് കാണിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ പരാമർശത്തെ തെറ്റിദ്ധരിച്ചതാണെന്നും ഇമാം പറഞ്ഞു. എന്നാൽ ഇയാളെ അറസ്റ്റ് ചെയ്ത് രാജ്യത്ത് നിന്ന് പുറത്താക്കുകയായിരുന്നു ഫ്രഞ്ച് ഭരണകൂടം. നാടുകടത്തൽ നടപടിക്കെതിരെ നിയമപരമായി പോരാടുമെന്നാണ് ഇമാമിന്റെ അഭിഭാഷകൻ അറിയിച്ചത്.
അസഹിഷ്ണുതയും അക്രമാസക്തവുമായ പിന്നാക്ക ഇസ്ലാമിക ആശയം പ്രചരിപ്പിക്കാനാണ് ഇമാം മഹ്ജൂബി ശ്രമിച്ചതെന്ന് പുറത്താക്കൽ ഉത്തരവിന്റെ പ്രസക്ത ഭാഗങ്ങൾ ഉദ്ധരിച്ച് ഫ്രഞ്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിപ്പബ്ലിക് മൂല്യങ്ങൾക്ക് വിരുദ്ധമായ പ്രത്യയശാസ്ത്രമാണ് പ്രചരിപ്പിക്കുന്നത്. സ്ത്രീകളോടുള്ള വിവേചനം, ജൂതസമൂഹവുമായി സംഘർഷം, ജിഹാദിസ്റ്റ് ചിന്തകളെ പ്രോത്സാഹിപ്പിക്കൽ എന്നിവ പുലർത്തുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു.