മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് ഭ്രമയുഗം. തീയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ് ചിത്രം. ഇതിനിടയിലും ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ് ടർബോ. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ കൂടി പുറത്തുവന്നതോടെ ആരാധകർക്കിടയിൽ ആവേശം ഇരട്ടിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ ടർബോയുടെ ചിത്രീകരണ സമയത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്ന കണ്ണൂർ സ്ക്വാഡ് സിനിമയുടെ സക്സസ് മീറ്റിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. ടർബോയുടെ ചിത്രീകരണ വേളയിൽ തനിക്ക് 76 ഓളം പരിക്കുകൾ സംഭവിച്ചെന്ന് മമ്മൂട്ടി പറയുന്നു. ഇക്കാര്യം പറയുമ്പോൾ വേദിയിൽ ചിത്രത്തിന്റെ സംവിധായകൻ വൈശാഖും ഉണ്ടായിരുന്നു.
‘ ടർബോയുടെ ചിത്രീകരണവേളയിൽ എനിക്ക് 76 ഓളം പരിക്കുകൾ സംഭവിച്ചു. സിനിമയിൽ അഭിനയിക്കുന്നത് എനിക്ക് ഇഷ്ടമുള്ള ജോലിയാണ്. ഏത് ദുർഘടം പിടിച്ച പണിയാണെങ്കിലും കഷ്ടപ്പെടാൻ തയ്യാറായാണ് ഞാൻ സിനിമയിൽ എത്തിയതെന്നും മമ്മൂട്ടി പറഞ്ഞു.’ ‘ഇക്കാര്യത്തിൽ എനിക്കൊരു സോറി മാത്രമേ മമ്മൂക്കയോട് പറയാനുള്ളു. ചിത്രീകരണത്തിനിടെ ഓരോ പരിക്കുപറ്റുമ്പോഴും അദ്ദേഹം എന്നോട് പറയും നീ എന്റെ പ്രായം മറന്നു പോകുന്നു എന്ന്.’ വൈശാഖ് പറഞ്ഞു.