രാജസ്ഥാൻ റോയൽസിൽ എത്തിയതോടെയാണ് ഉത്തർപ്രദേശുകാരനായ ധ്രുവ് ജുറേൽ ക്രിക്കറ്റ് പണ്ഡിതരുടെയും ആരാധകരുടെയും റഡാറിലേക്ക് വരുന്നത്. രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറുമ്പോൾ 23-കാരന്റെ മനസിലൂടെ ഒരു പക്ഷേ മിന്നിമറഞ്ഞത് കടന്നുവന്ന വഴിയിൽ താണ്ടിയ നോവിന്റെ ഓർമ്മകളായിരിക്കും. ആദ്യ ടെസ്റ്റിൽ 46 റൺസ് മാത്രമേ എടുക്കാനായുള്ളൂവെങ്കിലും വിക്കറ്റ് കീപ്പിംഗിൽ ജുറേൽ പ്രതിഭ തെളിയിച്ചു. എന്നാൽ റാഞ്ചിയിൽ കിട്ടിയ അവസരം മുതലാക്കാൻ ജുറേലിനായി. തകർന്ന ടീമിനെ ചുമലിലേറ്റി ഏറെ പരിക്കുകളില്ലാതെ കരയ്‌ക്കടുപ്പിക്കാൻ ഈ ഉത്തർപ്രദേശുകാരനായി. പക്ഷേ പത്തു റൺസകലെ അർഹിച്ച കന്നി സെഞ്ച്വറി നഷ്ടമായെങ്കിലും ജുറേൽ മുന്നോട്ട് തന്നെ പോകും തലയയുർത്തി, അതിനുള്ള കരുത്ത് ഈ യുവാവിൽ ആവോളമുണ്ട്. ഭാവിയിൽ ഇന്ത്യക്കായി ഒരുപിടി മനോഹര ഇന്നിംഗ്സുകൾ കാഴ്ചവയ്‌ക്കാനാകുന്ന കരുത്തുറ്റ കളിക്കാരനാണ് ജുറേൽ
2014 ലാണ് ജുറേലിന്റെ ജീവിതത്തിന് വലിയൊരു വഴിത്തിരിവുണ്ടാകുന്നത്. മീശ മുളയ്‌ക്കാത്തൊരു പയ്യൻ ആഗ്രയിൽ നിന്ന് നോയിഡയിലെ ക്രിക്കറ്റ് പരിശീലകൻ ഫൂൽ ചന്ദിന്റെ ക്രിക്കറ്റ് അക്കാദമിയുടെ ഓഫീസിലേക്ക് കടന്നുവന്നു. കൂടെ രക്ഷിതാക്കളുണ്ടായിരുന്നില്ല. തനിച്ചായിരുന്നു വരവ്. ഫൂൽ എന്തെങ്കിലും ചോദിക്കും മുൻപ് അവിടുന്നൊരു മറുപടി ആദ്യമേ വന്നു. ‘സർ എന്റെ പേര് ധ്രുവ് ജുറേൽ എന്നെക്കൂടി താങ്കളുടെ അക്കാദമിയിൽ ഉൾപ്പെടുത്തൂ”. പരിശീലകൻ ചന്ദിന് ഇത് കേട്ടതോടെ കണ്ണുകൾ വിടർന്നു. അവനിൽ ഒരു ആത്മവിശ്വാസം കാണാനായി.
ഞാൻ കരുതിയത് അവൻ നോയിഡയിൽ എവിടെ നിന്നെങ്കിലുമാകും വരുന്നതെന്നാണ്. എന്നാൽ അവൻ ആഗ്രയിൽ നിന്ന് തനിച്ചാണ് വന്നതെന്ന് എന്നോട് പറഞ്ഞു. ഇങ്ങോട്ട് വന്നാൽ ഒരു സുഹൃത്ത് താമസം അടക്കം എല്ലാം ശരിയാക്കാമെന്ന് വാക്കുപറഞ്ഞിരുന്നതായും ഇവിടെ എത്തിയപ്പോൾ അവൻ ഫോണെടുക്കുന്നില്ലെന്നും അവൻ കലങ്ങിയ കണ്ണുകളോടെ പറഞ്ഞു- ചന്ദ് ഓർത്തെടുത്തു. ചന്ദ് ആദ്യം ചെയ്തത് ജുറേലിൽ നിന്ന് പിതാവിന്റെ ഫോൺ നമ്പർ വാങ്ങി, അദ്ദേഹത്തെ വിളിക്കുകയായിരുന്നു. മുൻ സൈനികനായ അദ്ദേഹം സംസാരിച്ചു. അവൻ വീട് വിട്ടിറങ്ങിയതല്ലെന്നും സ്വമേധയ വന്നതാണെന്നും അവന്റെ അപ്പുപ്പന്റെ ആഗ്രഹം സാധിക്കാനാണ് അവിടെ വന്നതെന്നും അറിയിച്ചു.
ഇതോട പരിശീലകൻ ചന്ദ് ജുറേലിന്റെ ലോക്കൽ ഗാർഡിയനുമായി. ഒരു 13-കാരൻ ഇത്രയും ദൂരം തനിച്ച് വന്നൂവെന്ന് പറഞ്ഞപ്പോഴെ അവൻ സ്പെഷ്യലാണെന്ന് എനിക്ക് മനസിലായി. പരിശീലകൻ ഒരു ഹോസ്റ്റലിൽ അവന് താമസമൊരുക്കി. കഴിവും പ്രതിഭയും അവന് തണലൊരുക്കിയതോടെ ഒരു കടമ്പയും അവന് ബുദ്ധിമുട്ടായില്ല. എല്ലാ വിഭാഗത്തിലും അവന് തിളങ്ങാനായി. അമ്മ ആഭരണങ്ങൾ പണയം വച്ചാണ് ധ്രുവിന് ആദ്യമായി ഒരു ക്രിക്കറ്റ് കിറ്റ് വാങ്ങി നൽകുന്നത്. സാധാരണ കുടുംബത്തിൽ നിന്ന് വരുന്നവർക്ക് ഇത് അത്ര എളുപ്പമായിരുന്നില്ല.
എന്നാൽ പരിശീലകൻ ചന്ദ് അവന് വേണ്ടി സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവാക്കി. 14-ാം വയസു മുതൽ അവൻ പ്രാദേശിക ടൂർണമെന്റുകളിൽ 100 മത്സരങ്ങൾ വരെ കളിച്ചു തുടങ്ങി. വൈഭവ് ശർമ്മ മെമ്മോറിയൽ ടൂർണമെന്റിൽ ഒരു ക്ലബിന് വേണ്ടി കളിക്കാൻ അവസരം നൽകണമെന്ന് ചന്ദ് അപേക്ഷിച്ചു. അവർ അത് നൽകി, അന്ന് 38 പന്തിൽ 86 റൺസ് അടിച്ച് ഫൈനലിൽ ആ ടീമിനെ ജയിപ്പിക്കാനും അവന് കഴിഞ്ഞു. അണ്ടർ 19 ദേശീയ ടീമിലും അവൻ മികച്ച പ്രകടനം കാഴ്ചവച്ചു. അതുവഴി രഞ്ജി ട്രോഫിയിലും ഇന്ത്യൻ എ ടീമിലും സ്ഥാനം ലഭിച്ചു. പിന്നീട് അവന്റെ സ്വപ്നമായ ദേശീയ ടീമിലേക്കും- ചന്ദ് പറഞ്ഞു. ചന്ദിന്റെ അക്കാദമിയിൽ നിന്ന് ശിവം മാവി അടക്കമുള്ള നിരവധി ആഭ്യന്തര- അന്താരാഷ്‌ട്ര താരങ്ങളും വരവറിയിച്ചിട്ടുണ്ട്. ഇനിയും ഒരുപിടി മികച്ച താരങ്ങളെ ഇന്ത്യക്ക് സമ്മാനിക്കാൻ ഈ പരിശീലകന് സാധിക്കും.
——–ആർ.കെ രമേഷ്——-