ഗാങ്‌ടോക്ക്: സിക്കിമിലെ ആദ്യ റെയിൽവേ സ്‌റ്റേഷനായ രാംഗ്‌പോ സ്‌റ്റേഷന് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തറക്കല്ലിടും. സിക്കിമിന് ലഭിക്കുന്ന ആദ്യ റെയിൽവേ സ്‌റ്റേഷനാണിതെന്നും ഇന്ത്യയുടെ വിനോദ സഞ്ചാര മേഖല വിപുലീകരിക്കുന്നതിൽ രാംഗ്‌പോ റെയിൽവേ സ്‌റ്റേഷൻ പ്രധാന പങ്കുവഹിക്കുമെന്നും റെയിൽവേ ഡെപ്യൂട്ടി മാനേജർ അലിപുർദ്വാർ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ 550 അമൃത് റെയിൽവേ സ്റ്റേഷനുകൾക്കാണ് പ്രധാനമന്ത്രി നാളെ തറക്കല്ലിടുന്നത്.
” രാജ്യത്തെ വിനോദ സഞ്ചാര മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സിക്കിമിൽ പുതുതായി തുടങ്ങുന്ന രാംഗ്‌പോ റെയിൽവേ സ്‌റ്റേഷന് സാധിക്കും. മുമ്പ് സിക്കിമിന് റെയിൽ സ്റ്റേഷൻ ഉണ്ടായിരുന്നില്ല. എന്നാൽ പ്രധാനമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റെയും നേതൃത്വത്തിൽ സിക്കിമിനായി ഒരു റെയിൽവേ സ്റ്റേഷൻ വരുന്നത് ജനങ്ങളുടെ യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതുവരെയും ജനങ്ങൾ റോഡ് മാർഗം വഴിയും വ്യോമമാർഗം ഉപോയഗിച്ചുമായിരുന്നു സിക്കിമിലെത്തിയിരുന്നത്. എന്നാൽ ഇനി മൂന്നാമത്തെ കണക്റ്റിവിറ്റിയായ റെയിൽവേ മാർഗം ഉപയോഗിച്ചും വിനോദ സഞ്ചാരികൾക്ക് സിക്കിമിലേക്ക് എത്തിപ്പെടാൻ സാധിക്കും.”- റെയിൽവേ ഡെപ്യൂട്ടി മാനേജർ പറഞ്ഞു.
മൂന്ന് ഘട്ടമായാണ് കേന്ദ്രസർക്കാർ പദ്ധതിയിൽ ഒപ്പുവച്ചത്. ആദ്യഘട്ടത്തിൽ ശിവോകിൽ നിന്നും രാംഗ്‌പോ വരെയും രണ്ടാഘട്ടത്തിൽ രാംഗ്‌പോയിൽ നിന്നും ഗാങ്‌ടോക്ക് വരെയും മൂന്നാം ഘട്ടത്തിൽ ഗാംങ്‌ടോക്ക് മുതൽ നാഥുല വരെയുമുള്ള പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ ഒപ്പുവച്ചിരിക്കുന്നത്. അസാം ലിങ്ക് പ്രൊജക്ടിന്റെ ഭാഗമായ സിവോക് പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. 45 കിലോമീറ്റർ ദൂരത്തിലുള്ള പദ്ധതിയാണ് സിവോക്- രാംഗ്‌പോ പദ്ധതിയെന്നും റെയിൽവേ ഡെപ്യൂട്ടി മാനേജർ വ്യക്തമാക്കി.