ന്യൂഡൽഹി: 22 വർഷത്തെ അന്വേഷണത്തിനൊടുവിൽ നിരോധിത സംഘടനയായ ‘സിമി’ പ്രവർത്തകൻ ഹനീഫ് ഷെയ്ഖ് പിടിയിൽ. ഡൽഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2001 മുതൽ യുഎപിഎ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് പോലീസ് ഇയാൾക്കായുള്ള തിരച്ചിലിലായിരുന്നു. സിമിയുടെ പ്രസിദ്ധീകരണമായ ഇസ്ലാമിക് മൂവ്‌മെന്റ് മാസികയുടെ ഉർദ്ദു പതിപ്പിന്റെ എഡിറ്ററായിരുന്നു ഹനീഫ്. മാസികയിൽ ഇയാൾ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത് ഹനീഫ് ഹുദായി എന്ന പേരിലായിരുന്നു.
മഹാരാഷ്‌ട്രയിലെ ഭുസാവലിലാണ് ഹനീഫ് ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് സിംഗ് പറഞ്ഞു. ഇയാൾക്കെതിരെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് മഹാരാഷ്‌ട്രയിൽ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ സിമിയുടെ പ്രവർത്തനങ്ങൾ നടത്തുന്നതിനായി രഹസ്യ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. യുവാക്കളെ ‘സിമി’യിലേക്ക് ആകർഷിക്കുന്നതിനായി ക്ലാസുകളും നൽകി. ഡൽഹി കോടതി 2002-ലാണ് ഹനീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
അതിനിടെ, ഹനീഫ് ഷെയ്ഖ് എന്ന പേര് ഇയാൾ മാറ്റിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭുസാവലിലെ ഉർദ്ദു മീഡിയം സ്‌കൂളിൽ അദ്ധ്യാപകനായി ഹനീഫ് ജോലി ചെയ്യുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇയാളെ തന്ത്രപൂർവം പിടികൂടുകയായിരുന്നു.