ന്യൂഡൽഹി: യുവതാരം ധ്രുവ് ജുറേലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ. ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിൽ 90 റൺസ് നേടിയതിന് പിന്നാലെയാണ് പ്രശംസയുമായി ഗവാസ്‌കറെത്തിയത്. ഇന്നിംഗ്‌സിലെ ടോപ് സ്‌കോററും ജുറേലായിരുന്നു. മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയോടാണ് ഗവാസ്‌കർ ജുറേലിനെ ഉപമിച്ചത്. ജുറേലിന്റെ മനസ്സാന്നിധ്യം കാണുമ്പോൾ അടുത്ത എം.എസ്. ധോണി വരുന്നുവെന്ന ചിന്തയാണ് തന്നിലുണ്ടാക്കുന്നതെന്ന് ഗവാസ്കർ സ്‌പോർട്‌സ് 18 കമന്ററിയിൽ പറഞ്ഞു.
റാഞ്ചിയിലേത് പോലെ ജുറേൽ ബാറ്റ് ചെയ്താൽ ഭാവിയിൽ അവൻ മികച്ച നേട്ടങ്ങൾ കൈവരിക്കും. ഇന്ന് അബദ്ധ വശാലാണ് അവന് സെഞ്ച്വറി നഷ്ടമായത്. പക്ഷേ മുന്നോട്ടുള്ള യാത്രയിൽ മനസ്സാന്നിധ്യം കാരണം അവന് ഒട്ടനവധി സെഞ്ച്വറികൾ നേടാനാകുമെന്നും ഗവാസ്‌കർ പറഞ്ഞു. മത്സരത്തിൽ 90 റൺസ് നേടിയ താരത്തെ ടോം ഹാർട്ട്ലി ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 149 പന്തിൽ ആറ് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.
ഏഴ് വിക്കറ്റ് നഷ്ടത്തിൽ 177 എന്ന നിലയിൽനിന്ന് ഇന്ത്യയെ കൈപ്പിടിച്ചുയർത്തിയത് ജുറേലാണ്. ടീം സ്‌കോർ 300 കടത്താൻ നിർണായകമായതും ജുറേലിന്റെ ഇന്നിംഗ്‌സാണ്.















