ലക്‌നൗ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചെന്നും രാഷ്‌ട്രീയത്തിലും കുടുംബവാഴ്ചയിലും അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് റായ്ബറേലിയിൽ കോൺഗ്രസ് ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഞ്ച് പുതിയ എയിംസുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്കോട്ട്, ബതിന്ഡ, റായ്ബറേലി, കല്യാണി, മംഗൽഗിരി എന്നിവിടങ്ങളിലാണ് പുതിയ എയിംസുകൾ.
‘റായ്ബറേലിക്ക് എയിംസ് വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം താൻ പൂർത്തിയാക്കി. അഞ്ച് വർഷം മുമ്പ് തറക്കല്ലിട്ട എയിംസിന്റെ ഉദ്ഘാടനമാണ് ഇന്ന് കഴിഞ്ഞത്. നിങ്ങളുടെ സേവകൻ വാക്കുപാലിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനങ്ങൾ എയിംസ് ആവശ്യപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഒരെണ്ണം പോലും നൽകാൻ അന്ന് ഭരിച്ചിരുന്ന സർക്കാർ തയ്യാറായില്ല. എന്നാൽ ഇപ്പോൾ അതിവേഗം എയിംസുകൾ യാഥാർത്ഥ്യമാക്കാൻ എൻഡിഎ സർക്കാരിന് സാധിച്ചു. കേന്ദ്ര സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു രാജ്യത്തെ ഓരോ ജനങ്ങളും. മോദിയുടെ ഗ്യാരന്റി ആരംഭിച്ചപ്പോൾ ജനങ്ങളുടെ പ്രതീക്ഷകൾ മാറി, മറിച്ച് ഉറപ്പാണ് സർക്കാർ എന്ന് വസ്തുത ഓരോ പൗരനും തിരിച്ചറിഞ്ഞെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അധികാരത്തിലിരുന്നപ്പോൾ ബജറ്റിലെ തുക വെട്ടിക്കാനും അഴിമതികൾ മറച്ചുവെക്കാനുമാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് ദ്വാരകയിലെ പൊതുയോഗത്തിലും പ്രധാനമന്ത്രി വിമർശിച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് വകയിരുത്തിയ ബജറ്റ് വിഹിതം അഴിമതിയിലൂടെ കോൺഗ്രസ് വെട്ടിച്ചു. ഇത് മറച്ചുവയ്‌ക്കാൻ അധികാരം ഉപയോഗിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















