ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറുടെ സ്മൃതിദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി വീർ സവർക്കറുടെ സ്മരണാർത്ഥം ആദരാഞ്ജലികൾ അർപ്പിച്ചത്.
രാജ്യത്തിന്റെ വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള സവർക്കറുടെ പ്രവർത്തനങ്ങൾ നമുക്ക് എന്നും പ്രചോദനകരമാണ്. അദ്ദേഹത്തിന്റെ പുണ്യതിഥിയിൽ ആദരാഞ്ജലി അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ധീരമായ ചൈതന്യവും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അചഞ്ചലമായ സമർപ്പണവും രാജ്യം എക്കാലവും ഓർക്കുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
1883 മെയ് 28-നാണ് മഹാരാഷ്‌ട്രയിലെ ഭാഗൂരിൽ ദാമോദർ സവർക്കറുടെയും രാധാഭായിയുടേയും പുത്രനായി വീർ സവർക്കർ എന്ന വിനായക് ദാമോദർ സവർക്കർ ജനിച്ചത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സവർക്കർ.
സ്വാതന്ത്ര്യ സമര സേനാനിയും രാഷ്‌ട്രീയക്കാരനും അഭിഭാഷകനും എഴുത്തുകാരനുമായിരുന്നു സവർക്കർ. ഹിന്ദു സമൂഹത്തിന്റെ സാമൂഹ്യ ഐക്യത്തിനെ മുൻനിർത്തിയായിരുന്നു സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ സവർക്കറുടെ പ്രവർത്തനം. ബ്രിട്ടീഷുകാർ രണ്ട് ജീവപര്യന്തം ശിക്ഷ നൽകിയ ഏക വിപ്ലവകാരിയായിരുന്നു അദ്ദേഹം. 1966 ഫെബ്രുവരി 26-ന് ഇരുപതിലധികം ദിവസം നീണ്ട ഉപവാസത്തിലൂടെ വീർ സവർക്കർ പ്രാണത്യാഗം ചെയ്യുകയായിരുന്നു.