ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിൽ ഒഴിവുവന്ന രാജ്യസഭ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. ഉത്തർപ്രദേശ്, കർണാടക, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിലെ പത്തും കർണാടകയിലെ നാലും ഹിമാചലിൽ ഒരു സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തർപ്രദേശിലെ 10 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 11 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. നിലവിലെ സീറ്റ് നില അനുസരിച്ച് ബിജെപിക്ക് ഏഴ് സീറ്റുകളിലും സമാജ് വാദി പാർട്ടിക്ക് മൂന്ന് സീറ്റുകളിലും ജയിക്കാൻ സാധിക്കും. എന്നാൽ ബിജെപി 8 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യസഭ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞുവന്ന എസ്പിയിലെ ഭിന്നത തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. മുൻ കേന്ദ്രമന്ത്രി ആർപിഎൻ സിംഗ്, പാർട്ടി ജനറൽ സെക്രട്ടറി അമർപാൽ മൗര്യ, മുൻ മന്ത്രി സംഗീത ബൽവന്ത്, സംസ്ഥാന വക്താവ് സുധാൻഷു ത്രിവേദി, മുൻ എംഎൽഎ സാധന സിംഗ്, മുൻ ആഗ്ര മേയർ നവീൻ ജെയിൻ, മുൻ എംപി ചൗധരി തേജ്വീർ സിംഗ്, സഞ്ജയ് സേത്ത് എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികൾ.
നാല് ഒഴിവുകളുള്ള കർണാടകയിൽ കോൺഗ്രസിന് മൂന്നും ബിജെപിക്ക് ഒരു സീറ്റും നേടാൻ സാധിക്കും. എന്നാൽ എൻഡിഎയുടെ ഭാഗമായ ജെഡിഎസ്, ഡി. കുപേന്ദ്ര റെഡ്ഡിയെ മത്സര രംഗത്തിറക്കിയത് ചെറിയ ആശങ്കയല്ല കോൺഗ്രസിന് നൽകിയിരിക്കുന്നത്. കോൺഗ്രസിലെ ഭിന്നത ക്രോസ് വോട്ടായി മാറിയാൽ കർണാടകയിൽ രണ്ട് സീറ്റുകളിൽ എൻഡിഎയ്‌ക്ക് വിജയിക്കാൻ സാധിക്കും.
ഹിമാചൽ പ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വിയെയാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. കോൺഗ്രസ് വിട്ടെത്തിയ ഹർഷ് മഹാജനെയാണ് ബിജെപി പകരം കളത്തിലിറക്കിയിരിക്കുന്നത്.