ചെന്നൈ: ട്രാക്കിൽ നിന്ന പോത്തിനെയിടിച്ച് ഊട്ടിയിലെ പൈതൃക ട്രെയിൻ പാളംതെറ്റി. മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിൻ തട്ടിയ പോത്ത് ചത്തു. നീലഗിരി മൗണ്ടേൻ റെയിൽവേയിലാണ് സംഭവം.
ഊട്ടി റെയിൽവേ സ്‌റ്റേഷന് ഒരു കിലോമീറ്റർ മുമ്പായിരുന്നു സംഭവം. ട്രെയിനിൽ 220-യാത്രക്കാരുണ്ടായിരുന്നു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. ഊട്ടിയിലേക്ക് എത്തുന്നതിന് മുമ്പായി ഫെർൺഹില്ലിന് സമീപമാണ് പോത്ത് വട്ടം ചാടിയത്.
പോത്തുകൾ ട്രാക്ക് മുറിച്ചു കടക്കുന്നത് കണ്ട ലോക്കോപൈലറ്റ് ബ്രേക്കിട്ടെങ്കിലും ഇവയെ ഇടിക്കുകയായിരുന്നു. ഇതോടെ ട്രെയിൻ പാളം തെറ്റുകയായിരുന്നുവെന്ന് ലോക്കോപൈലറ്റ് പറയുന്നു. ട്രെയിൻ യാത്രികരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചതായി അധികൃതർ അറിയിച്ചു.