മലയാളികൾക്കിടയിൽ വലിയ ചർച്ച ചെയ്യപ്പെട്ട ഒരു സെലിബ്രിറ്റിയായിരുന്നു സന്തോഷ് പണ്ഡിറ്റ്. പല തരത്തിലുള്ള വിമർശനങ്ങൾക്കും പരിഹാസത്തിനും നടുവിൽ നിന്നുകൊണ്ട് തന്നെ തന്റെ ഇഷ്ടത്തിനനുസരിച്ച് സിനിമ ചെയ്ത് തിയേറ്ററിലിറക്കി വിജയിപ്പിക്കാൻ സന്തോഷ് പണ്ഡിറ്റിന് കഴിഞ്ഞിട്ടുണ്ട്. 2011-ൽ പുറത്തിറങ്ങിയ കൃഷ്ണനും രാധയും എന്ന ചിത്രം മുതൽ ഇന്നുവരെ ആരുടെയും വിമർശനങ്ങളിൽ വീണുപോകാതെ അദ്ദേഹം സിനിമ ചെയ്യുന്നു.
സ്വന്തമായി തിരക്കഥ എഴുതി, സംവിധാനം ചെയ്ത്, അഭിനയിച്ച്, ക്യാമറ ചലിപ്പിച്ച്, സംഗീതം ഒരുക്കി, നിർമ്മിച്ച് സന്തോഷ് പണ്ഡിറ്റ് പുറത്തിറക്കുന്ന ഓരോ ചിത്രവും വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. വിമർശനങ്ങളും പരിഹാസങ്ങളുമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. എന്നാൽ സിനിമകൾ പണം വാരുകയും ചെയ്തു. ഇപ്പോഴിതാ, സന്തോഷ് പണ്ഡിറ്റിനെ പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് നടൻ അജു വർഗീസ്. മലയാളികൾക്ക് സിനിമ ചെയ്യാൻ ധൈര്യം തന്നത് സന്തോഷ് പണ്ഡിറ്റാണെന്നാണ് അജു പറയുന്നത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
“പരിശ്രമിക്കുന്ന വ്യക്തികളോട് എനിക്ക് നല്ല ബഹുമാനമാണ്. അദ്ദേഹം എന്ത് ചെയ്തു, എത്ര വലിപ്പം ചെയ്തു എന്നതിലല്ല. അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി അദ്ദേഹം എടുത്തിട്ടുണ്ടോ എന്നാണ് നോക്കുന്നത്. ആർക്കും സിനിമ ചെയ്യാം എന്ന് ധൈര്യം തന്നതിൽ ഒരു പ്രമുഖ വ്യക്തിയായി ഞാൻ കാണുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. സിനിമ ചെയ്ത് തിയേറ്ററിൽ ഇറക്കി ഹിറ്റാക്കാനുള്ള ധൈര്യം. അദ്ദേഹം സിനിമ ഇറക്കുമ്പോൾ സോഷ്യൽമീഡിയ ഒന്നും ഇന്നത്തെ അത്രയും സജീവമല്ല. അത് ചെയ്ത് ധൈര്യം കിട്ടിയപ്പോൾ മുതലാണ് മൊബൈൽ ഫോണിൽ വരെ സിനിമ ചെയ്യാൻ തുടങ്ങുന്നത്”- അജു വർഗീസ് പറഞ്ഞു.