മാളികപ്പുറത്തിന് ശേഷം ഉണ്ണി മുകുന്ദന്റെ മറ്റൊരു ഹിറ്റായിരിക്കുമെന്ന് മലയാളികൾ പ്രതീക്ഷിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായക കഥാപാത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ടീസറും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. ഇപ്പോൾ സിനിമയുടെ പുതിയ ഒരു പോസ്റ്റർ കൂടി പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. തന്റെ നായികയെ പരിചയപ്പെടുന്ന പോസ്റ്റർ ഉണ്ണി മുകുന്ദനാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
മഹിമാ നമ്പ്യാരും ഉണ്ണി മുകുന്ദനും ഒരുമിച്ചുള്ള പോസ്റ്ററാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. “അത് പ്രണയമായിരുന്നില്ല, അവളായിരുന്നു. ഞങ്ങളുടെ നായികയായ നിധിയുടെ സാന്നിധ്യം അറിയിക്കുകയാണ്” എന്ന് കുറിച്ചു കൊണ്ടാണ് ഉണ്ണി മുകുന്ദൻ പുതിയ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ദിവ്യാംഗനായ ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും ആ യുവാവിന് അപ്രതീക്ഷിതമായി ലഭിക്കുന്ന സൂപ്പർ പവറുമാണ് ജയ് ഗണേഷ് എന്ന ചിത്രം പറയുന്നത്.
വലിയ ഒരിടവേളക്ക് ശേഷം ജോമോൾ മലയാള സിനിമയിലേയ്‌ക്ക് തിരികെയെത്തുന്നു എന്ന പ്രത്യേകതയും ജയ് ഗണേഷിനുണ്ട്. ഉണ്ണി മുകുന്ദൻ ഫിലിംസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമ ഏപ്രിൽ 11-ന് തിയേറ്ററുകളിലെത്തും.