മുംബൈ: മഹാരാഷ്‌ട്രയിൽ കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മുൻ മന്ത്രിയും മഹാരാഷ്‌ട്ര കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റുമായ ബസവരാജ് പാട്ടീൽ മുരുംകർ ബിജെപിയിൽ ചേർന്നു. സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ബസവരാജ് പാട്ടീൽ ബിജെപിയിൽ അംഗത്വം എടുത്തത്.
മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ അടുത്ത അനുയായി കൂടിയാണ് ബസവരാജ് പാട്ടീൽ. ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുമ്പോഴാണ് കോൺഗ്രസിൽ നിന്ന് നേതാക്കളും അണികളും കൂട്ടമായി രാജി വയ്‌ക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസ് വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.
മറാത്ത്വാഡ മേഖലയിലെ കോൺഗ്രസിന്റെ പ്രധാന നേതാവായിരുന്നു ബസവരാജ് പാട്ടീൽ. ഔസ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായ വ്യക്തിയാണ്. മറാത്ത്‌വാഡ മേഖലയിൽ നിന്നുള്ള പ്രമുഖ ലിംഗായത്ത് നേതാവാണ് അദ്ദേഹം. മുൻ മുഖ്യമന്ത്രി അശോക് ചവാൻ, മുൻ കേന്ദ്ര കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി മിലിന്ദ് ദിയോറ, മഹാരാഷ്‌ട്ര റീജിയണൽ കോൺഗ്രസ് കമ്മിറ്റിയുടെ പാർലമെൻ്ററി ബോർഡ് അംഗം ബാബ സിദ്ദിഖ് എന്നിവരും അടുത്തിടെ കോൺഗ്രസ് വിട്ടിരുന്നു.















