ബീഹാറിലെ കൈമൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു നടിമാരും ഒരു പിന്നണി ഗായകനുമടക്കം 9 പേർ മരിച്ചെന്ന വാർത്തയിൽ ദുരൂഹത. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടമെന്നാണ് വാർത്തകൾ പുറത്തുവന്നത്. ചലച്ചിത്ര പ്രവർത്തകർ സഞ്ചരിച്ചിരുന്ന എസ്.യു.വിയാണ് അപകടത്തിൽപ്പെട്ടതെന്നും ബൈക്കിനെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്നുമാണ് വിവരം. ആദ്യം ബൈക്കിനെ ഇടിച്ച കാർ നിരങ്ങി റോഡിന്റെ ഒരു വശത്തേക്ക് പോയപ്പോൾ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവർ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
ബൈക്ക് യാത്രികൻ തത്ക്ഷണം മരിച്ചു. നടിമാരായ അഞ്ജൽ തിവാരി, സിമ്രാൻ ശ്രീവാസ്തവ, ഗായകൻ ഛോട്ടു പാണ്ഡെ എന്നിവരാണ് മരിച്ചതെന്നും വാർത്തകൾ പുറത്തുവന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.
പഞ്ചായത്ത് എന്ന വെബ് സീരിസിന്റെ സീസൺ രണ്ടിൽ രവീണ എന്ന കഥാപാത്രമായാണ് അഞ്ജൽ എത്തിയത്. താരത്തിന് വലിയ ജനപ്രീതി ലഭിച്ച കഥാപാത്രമായിരുന്നു ഇത്. മദ്ധ്യപ്രദേശ് സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച അവർ ചില പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. പോലീസ് അപകടത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അഞ്ജൽ തിവാരി മരിച്ചിട്ടില്ലെന്ന സൂചകളും പുറത്തുവരുന്നുണ്ട്.