ദിസ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വീണ്ടും തിരിച്ചടി. അസമിലെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് റാണ ഗോസ്വാമി രാജിവച്ചു. പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം ബിജെപിയിൽ ചേർന്നേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
“ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ അംഗമായ ഞാൻ അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും രാജിവയ്ക്കുകയാണ്” കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് അയച്ച കത്തിൽ ഗോസ്വാമി അറിയിച്ചു. 2006ലും 2011ലും കോൺഗ്രസിന്റെ ജനപ്രതിനിധിയായി ജോർഹത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ് ഗോസ്വാമി.
ബിജെപി കേന്ദ്ര നേതൃത്വത്തെയും മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയെയും ഗോസ്വാമി നേരിട്ട് കാണുമെന്നാണ് വിവരം. നിലവിൽ സംസ്ഥാനത്തെ ലോക്സഭാ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനായി കേന്ദ്രനേതൃത്വവുമായി ചർച്ച ചെയ്യാൻ ഡൽഹിയിലാണ് അസം മുഖ്യമന്ത്രിയുള്ളത്.