അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം ഏറ്റവും വലിയ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഇരു കുടുംബവും. ഈ വർഷം ജൂലൈയിലാണ് ഇരുവരുടെയും വിവാഹം നടക്കുന്നതെങ്കിലും പ്രീവെഡ്ഡിംഗ് ആഘോഷങ്ങൾ അടുത്തമാസം ആദ്യം നടക്കുകയാണ്. മാർച്ച് 1 മുതൽ 3 വരെ ഗുജറാത്തിലെ ജാംനഗറിലാണ് പ്രീ വെഡ്ഡിംഗ് പരിപാടികള്‍ നടക്കുന്നത്. ഈ വർഷം മുംബൈയിൽ വച്ചായിരിക്കും ഇരുവരുടെയും വിവാഹം.
രാജ്യത്തെ ഏറ്റവും വലിയ പ്രീവെഡ്ഡിംഗ് ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കുമെന്നാണ് വിവരം. ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയുള്ള നിരവധി പ്രമുഖരുടെ പേരുവിവരങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. രജനികാന്ത്, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ജാൻവി കപൂർ, രൺബീർ കപൂർ-ആലിയ ഭട്ട്, ദീപിക പദുക്കോൺ-രൺവീർ സിംഗ്, കത്രീന കൈഫ്-വിക്കി കൗശൽ, മാനുഷി ഛില്ലർ, അക്ഷയ് കുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് സൂചനകൾ.
അതേസമയം, വിവാഹത്തിന് മുന്നോടിയായി ജാംനഗറില്‍ പതിനാല് ക്ഷേത്രങ്ങള്‍ പണിതിരിക്കുകയാണ് അംബാനി കുടുംബം. നിത അംബാനി കള്‍ച്ചറല്‍ സെന്ററാണ് ഈ ക്ഷേത്രങ്ങളുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ദേവീ ദേവന്‍മാരുടെ പ്രതിമകള്‍, മനോഹരമായി പണിത തൂണുകള്‍, ഫ്രെസ്‌കോ സ്‌റ്റൈലിലുള്ള പെയിന്റിംഗുകളെല്ലാം ചേർന്ന് മനോഹരമായ രീതിയിലാണ് ക്ഷേത്രങ്ങൾ പണികഴിപ്പിച്ചിരിക്കുന്നത്.
റിപ്പോർട്ടുകൾ അനുസരിച്ച് ചടങ്ങിനായി ഗംഭീര ഭക്ഷണങ്ങളാണ് അംബാനി കുടുംബം ഒരുക്കുന്നത്. ലഖ്‌നൗവില്‍ നിന്നുള്ള ഷെഫാണ് ഭക്ഷണം തയ്യാറാക്കുന്നത്. ജാപ്പനീസ്, തായ്, മെക്സിക്കൻ, പാഴ്‌സി, ഏഷ്യൻ ഭക്ഷണങ്ങളെല്ലാം ഉണ്ടാകും. ഏകദേശം 2,500 വിഭവങ്ങൾ മൂന്ന് ദിവസങ്ങളിലായി അതിഥികൾക്ക് നൽകുമെന്നുമാണ് സൂചന.