ലക്‌നൗ: മോദി ഗ്യാരണ്ടി ജനങ്ങൾക്ക് പുത്തൻ ഉണർവും ഊർജ്ജവും നൽകിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ 10 രാജ്യസഭാ സീറ്റുകളിൽ 10ൽ 8 എണ്ണത്തിലും ബിജെപി സ്ഥാനാർത്ഥികൾ വിജയം നേടിയതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. ജനങ്ങളെ പൂർണമായും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഭരണമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
” കേന്ദ്രത്തിൽ മൂന്നാം തവണയും ബിജെപി അധികാരത്തിൽ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമപ്രധാനമായ ഘടകം. ഞങ്ങൾ ഓരോരുത്തരും ജനങ്ങളെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് അവർക്കായി സേവ ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന ഓരോ നിർദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കുന്നു എന്നതാണ് ബിജെപിയെ രാജ്യത്തെ മറ്റ് പാർട്ടികൾക്കിടയിൽ നിന്ന് വ്യത്യസ്തരാക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി. താഴേത്തട്ട് മുതൽ സംഘടനാസംവിധാനം പാർട്ടിക്കുണ്ട്. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന ഓരോ ഉപദേശത്തേയും ബിജെപി നേതാക്കൾ ഹൃദയത്തിലേക്കാണ് എടുക്കുന്നത്. നിലവിലുള്ള ഓരോ ഘടകങ്ങളും എൻഡിഎ തുടർച്ചയായ മൂന്നാം വട്ടവും അധികാരത്തിൽ എത്തുന്നതിന് അനുകൂലമാണ്. കഴിഞ്ഞ 10 വർഷം കൊണ്ട് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയത്. 2014ൽ ഉണ്ടായിരുന്നതിനേക്കാൾ അനുകൂല ഘടകങ്ങളാണ് ഇപ്പോൾ ബിജെപിക്ക് മുന്നിലുള്ളതെന്നും” യോഗി ആദിത്യനാഥ് പറഞ്ഞു.