കൊച്ചി: കോടികളുടെ തട്ടിപ്പ് നടത്തിയ ഓസ്ട്രേലിയൻ മലയാളി വ്യവസായിയായ ഷിബുവിനെതിരെ വെള്ളം സിനിമയുടെ നിർമ്മാതാവ് കെവി മുരളിദാസ്. സിനിമാ വിതരണത്തിന്റെയും വിദേശ കമ്പനികളുടെ പങ്കാളിത്തത്തിന്റെയും പേരിൽ ഷിബു തന്റെ പക്കൽ നിന്നും വൻ തുക വെട്ടിച്ചെന്ന വിവരങ്ങളുമായി മുരളി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ വാർത്താ സമ്മേളനത്തിൽ പുറത്തുവിടുകയും ചെയ്തിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കുമടക്കം പരാതി നൽകിയിരിക്കുകയാണ് മുരളി.
അതേസമയം ഷിബുവിന്റെ തട്ടിപ്പിനിരയായ പത്തോളം പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ കേരളാ പോലീസും ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിനിമകളുടെ ഓവർസീസ് വിതരണക്കാരനായ ലണ്ടൻ മലയാളി വഴിയാണ് മുരളി ഷിബുവിനെ പരിചയപ്പെടുന്നത്. ശേഷം വാട്ടർമാൻ ഓസ്‌ട്രേലിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഇരുവരും ചേർന്ന് ഓസ്‌ട്രേലിയയിൽ ഒരു വ്യവസായ സംരംഭം ആരംഭിക്കുകയും ചെയ്തു. 65 ശതമാനം ഷിബുവിനും 35 ശതമാനം മുരളിക്കും എന്ന പങ്കാളിത്ത വ്യവസ്ഥയിലായിരുന്നു സംരംഭം ആരംഭിച്ചത്.
കുറച്ചു നാളുകൾക്ക് ശേഷം തന്റെ അറിവോ സമ്മതമോ ഇല്ലാതെ കമ്പനിയുടെ പങ്കാളിത്തത്തിൽ നിന്നും ഷിബു തന്നെ ഒഴുവാക്കി. കച്ചവടത്തിനായി പെർത്തിലേക്ക് കയറ്റി അയച്ച ടൈലിന്റെ വിലയായ 1.16 കോടി രൂപ ലഭിക്കാതെ വന്നപ്പോഴാണ് ഷിബുവിന്റെ തട്ടിപ്പുകൾ താൻ തിരിച്ചറിഞ്ഞത്. ഇക്കാര്യം കാണിച്ച് മുരളി നടക്കാവ് പോലീസിൽ പരാതി നൽകി. ഈ കേസിൽ ഷിബുവിന്റെ മകൻ ആകാശും പ്രതിയാണ്. ഷിബുവും മകനും ചേർന്ന് നടത്തിയ പല തട്ടിപ്പുകളുടെയും വിവരം തന്റെ പക്കലുണ്ടെന്നും മുരളി പറയുന്നു.















