ടെസ്റ്റ് മത്സരങ്ങളുടെയും ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെയും പ്രതിഫലം മൂന്ന് ഇരട്ടിയാക്കാൻ ബിസിസിഐ. ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ദരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നായകൻ രോഹിത് ശർമ്മ, മുഖ്യ സെലക്ടർ അജിത് അഗാർക്കർ എന്നിവരുമായി ബിസിസിഐ അധികൃതർ ചർച്ച നടത്തിയിട്ടുണ്ട്.
ബിസിസിഐ കളിക്കാരുടെ വാർഷിക കരാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനത്തിന്റെ കാര്യം പുറത്തായത്. മാനേജ്മെന്റിനോട് കലഹിച്ച് രഞ്ജികളിക്കാതെ മുങ്ങിയ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെ കരാറിൽ നിന്ന് പുറത്താക്കുകയും യുവതാരങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ഇരുവരും കള്ളം പറഞ്ഞതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്.
ഇരുവരെയും പുറത്താക്കിയ നടപടിയെ പല മുൻതാരങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്. വളർന്നുവരുന്ന യുവതാരങ്ങൾ ഐപിഎല്ലിന് മുൻതൂക്കം നൽകിയാണ് ആഭ്യന്തര മത്സരങ്ങളിൽ നിന്ന് മുങ്ങുന്നത്. ഇത്തരക്കാർക്ക് ബിസിസിഐ സെക്രട്ടറി ജയ്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു.
ഒരു താരം രഞ്ജി സീസൺ മുഴുവൻ കളിച്ചാൽ അയാൾക്ക് ഏകദേശം 75 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് സൂചന. ഒരു ശരാശരി ഐപിഎല്ലിന് കരാറിന് സമാനമാകുമിത്. അതുപോലെ ഒരു വർഷത്തെ മുഴുവൻ ടെസ്റ്റും ഒരു താരം കളിച്ചാൽ അയാൾക്ക് ലഭിക്കുക 15 കോടി രൂപയാകും. ഐപിഎല്ലിലെ ഒരു മാർക്വി താരത്തിന് ലഭിക്കുന്ന തുകയ്‌ക്ക് സമാനം.