വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രധാനപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ ഒന്നാംപ്രതിയും വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥിയുമായ പാലക്കാട് സ്വദേശി അഖിലിനെയാണ് വ്യാഴാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ഇന്ന് രാവിലെയാണ് അഖിലിനെ പാലക്കാട് നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. എസ്എഫ്ഐ പ്രവർത്തകനാണ് പിടിയിലായ അഖിൽ. എസ്എഫ്ഐ നേതാക്കളടക്കം കേസില്‍ ആകെ 18 പ്രതികളാണുള്ളത്. ഇവരില്‍ 11 പേര്‍ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. ആറ് പേരുടെ അറസ്റ്റ് കഴിഞ്ഞ ദിവസം വൈകിട്ട് രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ 18-നാണ് സിദ്ധാർത്ഥ് മരണപ്പെടുന്നത്. ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥിന്റെ മരണം ആത്മഹത്യയെന്നാണ് കരുതിയിരുന്നത്. എന്നാൽ നാഷണൽ ആൻ്റി റാഗിംഗ് സെല്ലിന് പരാതി ലഭിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. സിദ്ധാർത്ഥ് റാഗിംഗിന് ഇരയായതായി സഹപാഠികൾ തന്നെ മൊഴി നൽകി.















