കൊൽക്കത്ത: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഷാജഹാൻ ഷെയ്ഖിനെ ആറുവർഷത്തേക്ക് സസ്പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, ഭൂമി കയ്യേറ്റം തുടങ്ങിയ ഗുരുതര ആരോപണങ്ങളെ തുടർന്നാണ് ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. സസ്പെൻഷനിലായതോടെ പാർട്ടി ചുമതലകളിൽ നിന്ന് ഷാജഹാൻ ഷെയ്ഖ് ഒഴിവാക്കപ്പെട്ടു. തൃണമൂൽ നേതാക്കളായ ഡെരെക് ഒബ്റിയാൻ, ബ്രത്യ ബസു എന്നിവർ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഷാജഹാൻ ഷെയ്ഖിനെ സസ്പെൻഡ് ചെയ്ത കാര്യം അറിയിച്ചത്.
ഒളിവിൽ കഴിഞ്ഞിരുന്ന ഷാജഹാനെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നാണ് പിടികൂടിയത്. ഏറെനാളായുള്ള പ്രതിഷേധങ്ങൾക്കൊടുവിലാണ് പ്രധാന പ്രതിയായ ടിഎംസി നേതാവിനെ പോലീസ് പിടികൂടിയത്. ഇയാളെ പിടികൂടാത്തതിനെതിരെ ബംഗാൾ പോലീസിനെതിരെയും തൃണമൂൽ സർക്കാരിനെതിരെയും അതിരൂക്ഷ വിമർശനം ഉയർന്നിരുന്നു.
ഷാജഹാൻ ഷെയ്ഖിന്റെ അനുയായികൾ ടിഎംസി ഓഫീസിൽ കൊണ്ടുപോയി ദിവസങ്ങളോളം ലൈംഗികമായി ഉപദ്രവിക്കുന്നുവെന്നാണ് സ്ത്രീകളുടെ ആരോപണം. ഭീഷണിപ്പെടുത്തി തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുന്നുവെന്നും ജോലിചെയ്യിച്ച ശേഷം കൂലിനൽകാതെ മർദ്ദിക്കുന്നെന്നും സ്ത്രീകൾ ആരോപിച്ചിരുന്നു.